‘ ഏലംപടി ഏലേലേലോ’ ആരാധകരെ ആവേശത്തിലാഴ്ത്തി കുട്ടനാടന്‍ ബ്ലോഗിലെ തകര്‍പ്പന്‍ ഗാനം

സേതു – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനമെത്തി. ആവേശകരമായ ഗാനവും ചടുലമായ ചുവടുകളും ഇഴചേര്‍ത്തിരിക്കുന്ന ഈ ഗാനം കുട്ടനാടിന്റെ മനോഹരമായ ദൃശ്യങ്ങളും കൂടിചേരുമ്പോള്‍ ആവേശകരമായിത്തീരുകയാണ്. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷിന്‍സണ്‍ പൂവത്തിങ്കല്‍ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത്. നാടന്‍ പാട്ടിന്റെ രൂപത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്

ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ്ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

error: This article already Published !!