ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കയലിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. 10 മണിക്ക് മുമ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ഫ്രാങ്കോക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചോദ്യം ചെയ്യല്‍ ഇന്നുണ്ടായേക്കും. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് ഫ്രാങ്കോ മുളക്കലിനോട് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്.

ചോദ്യംചെയ്യല്‍ ഒന്നിലധികം ദിവസം ചോദ്യം ചെയ്യാന്‍ വേണ്ടി വരും എന്നതിനാല്‍ ഇന്ന് അറസ്റ്റിനുള്ള സാധ്യത കുറവാണ്. അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമൊന്നുമില്ലെങ്കിലും അറസ്റ്റ് ഉടനുണ്ടാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ഇത് രണ്ടാം തവണയാണ് ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ മൊഴികളിലുള്ള അവ്യക്തതയെ തുടര്‍ന്നാണ് വീണ്ടു ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലില്‍ പൊരുത്തക്കേടുകള്‍ തുടര്‍ന്നാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നു.

error: This article already Published !!