ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

കൊച്ചി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ബുധനാഴ്ച ആറ് മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും അവയ്‌ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കാന്‍ ഫ്രാങ്കോ മുളയ്ക്കലിന് കഴിഞ്ഞിരുന്നില്ല.

ആദ്യമായി പീഡനം നടന്നുവെന്ന് കന്യാസ്ത്രീ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിട്ടില്ലെന്നാണ് ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ഇത് തെറ്റാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പത്തോളം വൈരുദ്ധ്യങ്ങള്‍ ബിഷപ്പിന്റെ മൊഴിലുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റിന് സാധ്യതയുണ്ട്.

ബിഷപ്പ് താമസിക്കുന്ന ഹോട്ടല്‍ പൊലീസ് വലയത്തിലാണ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.ഇന്നലെ ഏഴ് മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്തു. ആദ്യ മണിക്കൂറുകളില്‍ ബിഷപ്പിന് പറയാനുള്ള അവസരമാണ് നല്‍കിയത്. അതിന് ശേഷമാണ് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് തുടങ്ങിയത്.

കഴിഞ്ഞ തവണ ജലന്ധറില്‍ വെച്ച് നല്‍കിയ മൊഴിയിലെ വൈരുധ്യങ്ങളാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതെന്നാണ് വിവരം.എന്നാല്‍ വ്യക്തിവൈരാഗ്യമാണ് പീഡന ആരോപണത്തിന് പിന്നിലുള്ളതെന്ന നിലപാടില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയാണ്.ഈ സാഹചര്യത്തില്‍ മറ്റ് തെളിവുകളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.

ചോദ്യംചെയ്യലിന് ശേഷം മൊഴി വിശദമായി പരിശോധിക്കും. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലാണ് ചോദ്യംചെയ്യല്‍. എന്തായാലും ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടോടെ തീരുമാനമുണ്ടായേക്കും.ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബിഷപ്പിനു വേണ്ടി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഇത് 25ന് വീണ്ടും പരിഗണിക്കും

error: This article already Published !!