പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. 2018 ജനുവരി 31ലെ കണക്കനുസരിച്ച് 165 വിദേശ ശാഖകളാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുള്ളത്. ഇതില്‍ 69 ശാഖകള്‍ ഏതാനും മാസങ്ങള്‍ക്കകം മറ്റു ശാഖകളില്‍ ലയിപ്പിക്കാനോ പൂട്ടാനോ ആണ് നീക്കം.

കഴിഞ്ഞവര്‍ഷം 35 വിദേശ ശാഖകള്‍ പൂട്ടിയിരുന്നു.ലാഭകരമല്ലാത്ത വിദേശ ശാഖകള്‍ പൂട്ടും. അതേസമയം, ഒരേനഗരത്തില്‍ രണ്ടോ അധിലധികമോ ശാഖകളുണ്ടെങ്കില്‍ അവയെ തമ്മില്‍ ലയിപ്പിക്കും. വിദേശ ശാഖകള്‍ ഏറ്റവുമധികമുള്ളത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയ്ക്കാണ് 52 എണ്ണം.

ബാങ്ക് ഒഫ് ബറോഡയ്ക്ക് 50 ശാഖകളും ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 29 ശാഖകളും വിദേശത്തുണ്ട്. ഇന്ത്യന്‍ ബാങ്കുകളുടെ ഏറ്റവുമധികം വിദേശ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് ബ്രിട്ടനിലാണ്; 32 എണ്ണം. ഹോങ്കോംഗില്‍ 13, സിംഗപ്പൂരില്‍ 12 എന്നിങ്ങനെയും ശാഖകളുണ്ട്.2016-17ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ 41 വിദേശ ശാഖകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

എസ്ബിഐയുടെ ഒമ്പത് ശാഖകള്‍ നഷ്ടത്തിലാണെന്ന് ബാങ്ക് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഒഫ് ഇന്ത്യയുടെ എട്ടും ബാങ്ക് ഒഫ് ബറോഡയുടെ ഏഴും വിദേശ ശാഖകള്‍ നഷ്ടത്തിലാണ്. അലഹബാദ് ബാങ്ക്, കനറാ ബാങ്ക്, ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്കും വിദേശത്ത് ശാഖകളുണ്ട്.

error: This article already Published !!