പ്രണയസാഹത്തിലെ പരിമിതികള്‍: പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് രഘുനാഥൻ പറളി എഴുതുന്നു

0
9

-രഘുനാഥൻ പറളി

സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ ഗോപിയും, നടന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലും തങ്ങളുടെ രണ്ടാമത്തെ ചുവടുവെയ്പ്പാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നടത്തുന്നത്. എന്നാല്‍, രാമലീലപോലെ ഒരു ശക്തമായ ചിത്രമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്തുകൊണ്ട് ഉയരാതെ പോകുന്നു എന്ന ചിന്തയാണ്, ചിത്രം കണ്ടപ്പോള്‍ ഉണ്ടായത്.

അതിനു പ്രധാന കാരണം, രാമലീലയ്ക്കു സച്ചി തയ്യാറാക്കിയ തിരക്കഥ പോലെ ഒന്ന്, ഈ സിനിമയ്ക്കായി അരുണ്‍ ഗോപിയ്ക്ക് തയ്യാറാക്കാന്‍ കഴി‍ഞ്ഞിട്ടില്ല എന്നതു കൂടിയാണ്. തികഞ്ഞ സ്വാഭാവികതയും തന്മയത്വവും നിഷ്കളങ്കതയും പ്രണവില്‍ സ്വതസിദ്ധമായി കാണാമെങ്കിലും, പ്രണയസാഹസികതയിലെ രണ്ടാം പാതിയില്‍, സംഭവിക്കുന്ന തീവ്ര സംഘട്ടനങ്ങളില്‍, നിറഞ്ഞ കരുത്തിന്റെ ആള്‍രൂപമായി പരകായപ്രവേശം ചെയ്യാന്‍ പ്രണവിനു കഴിയാതെ പോകുന്നുണ്ട്.

വാസ്തവത്തില്‍, അവിടെയാണ് തിരക്കഥയുടെയും സംവിധാനത്തിന്റെയും വലിയ പരിമിതി നമ്മള്‍ അനുഭവിക്കുന്നത്. ആദി എന്ന ചിത്രം, മിന്നുന്ന അക്രോബാറ്റിസം-പാര്‍ക്വര്‍ എന്ന ആയോധന കല- പ്രണവിന്റെ ഗ്രാഫ് ഏറെ ഉയര്‍ത്തിയ ഘടകമായെങ്കില്‍, ഈ ചിത്രത്തില്‍ സമുദ്രത്തിലെ സര്‍ഫിംഗ് പോലും ഒരു പൂര്‍ണ്ണതയുടെ അനുഭവം നല്‍കുന്നില്ല.

ഗോവയിലെ ഒരു ഹോം സ്റ്റേ നടത്തുന്ന അപ്പു (പ്രണവ്) പിതാവിന്റെ വിറപ്പിക്കുന്ന അധോലോക കഥകളിലേക്കോ ജോലിയിലേക്കോ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. ബാബ എന്ന അച്ഛന്റെ (മനോജ് കെ ജയന്‍) പറയപ്പെടുന്ന വീരചരത്രത്തിന്റെ ഒരു ലാഞ്ഛന പോലും നല്‍കാന്‍ കഴിയാതെ പോകുന്ന സിനിമയില്‍, അയാള്‍ ഏറെക്കുറെ ഒരു കൊമേഡിയന്റെ റോള്‍ ആണു ചെയ്യുന്നത് എന്ന അവസ്ഥയുമുണ്ട്-അത് മനോജ് കെ ജയന്‍ ഒരുവിധം ഭംഗി ആക്കുന്നുണ്ടെങ്കുിലും.

തങ്ങളുടെ കഥാപാത്രങ്ങളുടെ സന്ദിഗ്ധതയും അപൂര്‍ണ്ണതയും ആത്മവിശ്വാസമില്ലായ്മയും ഏതാണ്ട് എല്ലാ കഥാപാത്രങ്ങളെയും ഗ്രസിച്ചിരിക്കുന്നു എന്നതാണ് അരുണ്‍ ഗോപിയുടെ കഥയുടെയും തിരക്കഥയുടെയും മുഖ്യ പ്രശ്നം. ഉറച്ച ഇടങ്ങള്‍ ലഭിക്കാതെയും പ്രണവ് ഉള്‍പ്പെടെയുളളവര്‍ ഇത്രയും ചെയ്തു എന്നത് അത്ഭുതകരം തന്നെ.

തമിഴ് സിനിമയിലെ വിക്രമോ വിജയോ ഒക്കെ അനായാസമായി ചെയ്യാറുളള ത്രസിപ്പിക്കുന്ന ഒരു ട്രെയിന്‍ സംഘട്ടനം ആകെത്തന്നെ സംവിധയാകന്‍ പ്രണവിന്റെ ചുമലില്‍ വെച്ചുകൊടുത്തത് കടുത്ത കൈയ്യായിപ്പോയി എന്നു തോന്നി. മാത്രമല്ല, ദയനീയമായ വിഎഫ്എക്സ് ആ കാഴ്ച അരോചകവുമാക്കുന്നുണ്ട്. ഇത്രയും ചെറിയ ശരീരവുമായി നീയോ (ഹരീഷ് രാജ്) എന്ന വില്ലന്റെ ചോദ്യം സിനിമ കഴിഞ്ഞാലും പ്രേക്ഷകനില്‍ ബാക്കി നില്‍ക്കും വിധമാണ് കാര്യങ്ങള്‍ രണ്ടാം പകുതിയില്‍ മുന്നേറുന്നത്.

പ്രണവിന്റെ നായികയായി എത്തുന്ന സായയുമായുളള പ്രണയമാണ് സിനിമയുടെ കാതല്‍ എങ്കിലും, സായയും പൂര്‍ണ്ണതയില്‍ അപൂര്‍ണ്ണതയിലേക്ക് നീങ്ങേണ്ടി വന്ന ഒരു കഥാപാത്രമായിട്ടാണ് സിനിമയില്‍ അനുഭവപ്പെടുന്നത്. ഒരു ഫയര്‍ബ്രാന്‍റ് പെണ്‍കുട്ടിയില്‍ നിന്നുളള അവളുടെ പരിണാമവും കഥയിലെ അവിശ്വസനീയമായ പരിമിതിയായിത്തീര്‍ന്നു എന്നു ചുരുക്കം.

കുടുംബത്തില്‍ നിന്നുണ്ടാകുന്ന ബാല്യകാല ലൈംഗികാതിക്രമം, വര്‍ഗീതയെ കൂട്ടുപിടിച്ചുളള പ്രണയ പ്രതിരോധം, സഭയും മഠവും ബിഷപ്പുമെല്ലാം ചേര്‍ന്ന പ്രശ്നങ്ങള്‍ തുടങ്ങി നിരവധി സമകാലീന സംഭവങ്ങള്‍ സിനിമയില്‍ ചേര്‍ക്കാന്‍ അരുണ്‍ വ്യഗ്രത കാണിച്ചിട്ടുണ്ട്. എഫ് ബി ലൈവിലൂടെ ഒരു പോലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തുന്നതുപോലുളള രംഗം പക്ഷേ ഈ വ്യഗ്രത മൂലം അല്പം പരിഹാസ്യം പോലും ആയിത്തീരുന്നു . അഭിരവ് ജനന്‍ എന്ന പുതിയ നടന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

സിദ്ധിഖ്, ഗോകുല്‍ സുരേഷ്, ധര്‍മ്മജന്‍, ഇന്നസെന്‍റ്, ടിനി ടോം, ഷാജോണ്‍ എന്നിവരും സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനന്ദന്‍ രാമാനുജം (ഛായാഗ്രഹണം) വിവേക് ഹര്‍ഷന്‍ (എഡിറ്റിംഗ്) പീറ്റര്‍ ഹെയ്ന്‍ (ആക്ഷന്‍) എന്നിവര്‍ക്ക്‍ ഈ ചിത്രത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കാനോയോ എന്നത് ഒരു ചോദ്യമാണ്. ഗോപീ സുന്ദറിന്റെ സംഗീതം അല്പം വ്യത്യസ്തമായി എന്നു പറയാം.

ഒരു ‍ഡോണ്‍ സിനിമയല്ലെന്ന് ടാഗ് ലൈനില്‍ പറഞ്ഞ്, റൊമാന്റിക് ചിത്രമാകാന്‍ ചിത്രം ഏറെ യത്നിക്കുകയാണ് വാസ്തവത്തില്‍. എന്നാല്‍, പ്രണേതാക്കള്‍ അവസാനം ഒരുമിക്കുമ്പോള്‍ പോലും അത് നമ്മളിലേക്ക് ശക്തമായി എത്തുന്നില്ല എന്നിടത്താണ്, ഈ പ്രണയസാഹസത്തിലെ സിനിമാസാഹസം കൂടുതല്‍ വെളിപ്പെടുന്നത്. പ്രണവും അരുണ്‍ ഗോപിയും, തങ്ങളുടെ രണ്ടാമൂഴത്തില്‍ സംഭവിച്ച-കഥാപാത്ര തിരഞ്ഞെടുപ്പിലും കഥാതിരക്കഥാ ഘടകങ്ങളിലും സംഭവിച്ച- പരിമിതികള്‍ മറികടന്നു പുതിയ ചിത്രത്തിലേക്കു നീങ്ങുമെന്നു പ്രതീക്ഷിക്കാം.