മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ടാക്കണമെന്നാണെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചുമായിരുന്നു കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ മഹാസമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ടാക്കണമെന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. ഒന്ന് പണക്കാര്‍ക്കും മറ്റൊന്നു പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും വേണ്ടി. മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്കായി ചെലവാക്കി. ഒരു രൂപ പോലും പാവങ്ങള്‍ക്കു വേണ്ടി നല്‍കിയില്ല. ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മോദി ശ്രമിച്ചെന്നും രാഹുല്‍ ആരോപിച്ചു.

ബൂത്ത് തല നേതാക്കളും പ്രവര്‍ത്തകരുമാണ് പാ‍ട്ടിയുടെ നട്ടെല്ല് അവരെ സ്വാഗതം ചെയ്യുന്നത് വലിയ സന്തോഷമാണ്. (കൊച്ചിന്‍ കോര്‍പറേഷനിലെ ബൂത്ത് നമ്പർ 82ലെ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് റോസി സ്റ്റാൻലിയെ രാഹുല്‍ വേദിയിലേക്ക് സ്വാഗതം ചെയ്തു. വേദിയിലെത്തിയ റോസിയെ ഷാള്‍ അണിയിച്ച് ആദരിച്ചു). ‘എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ നേതാക്കളും എല്ലാ പ്രവർത്തകരും അവരുടെ ബൂത്ത് അവരുടെ അഭിമാനമാണെന്ന ബോധമുണ്ടാകണം. എല്ലാ കോൺഗ്രസ് പ്രവ‍ത്തകര്‍ക്കും നേതാക്കൾക്കും എന്റെ ബൂത്ത്,എന്റെ പാർ‍ട്ടി,എന്റെ അഭിമാനം എന്ന ബോധമുണ്ടാകണം.

കോൺഗ്രസിന് വേണ്ടിയാണ് എല്ലാവരും പോരാടേണ്ടത്. ശക്തി മൊബൈൽ ആപ്പിലേക്ക് ഇന്ത്യയിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. കേരളത്തിലെ പ്രവത്തകർക്കും ആപ്പ് വഴി തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാം. കോൺ​ഗ്രസ് നേതൃത്വത്തിലേക്കും നിയമനിർമ്മാണസഭകളിലേക്കും കൂടുതൽ യുവാക്കളും സ്ത്രീകളും വരണമെന്ന വികാരം ഈ ആപ്പിലൂടെ കേരളത്തിലെ ഒരു പ്രവർത്തകൻ പങ്കുവയ്ക്കുകയുണ്ടായി. അതുണ്ടാവും എന്ന് ഞാൻ ഉറപ്പു വരുത്തുകയാണ്. 2019 ൽ നമ്മൾ അധികാരത്തിൽ വന്നാൽ വനിതാ സംവരണ ബില്ല് പാസാക്കുമെന്ന് കേരളത്തിലെ കോൺ​ഗ്രസ് പ്രവർത്തകർ ഞാൻ ഉറപ്പ് തരുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതകൾക്കും ചെറുപ്പക്കാർക്കും അവസരം ലഭിക്കും എന്നു കൂടി ഞാൻ ഉറപ്പു തരുന്നു.

അധികാരസ്ഥാനങ്ങളിൽ സ്ത്രീകളുണ്ടാവണമെന്ന് നമ്മൾ ആ​ഗ്രഹിക്കുന്നു. കേരളത്തിൽ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ട്. പക്ഷേ ഈ വേദിയിൽ കുറേകൂടി സ്ത്രീകൾ വേണമായിരുന്നു എന്നെനിക്ക് ഇപ്പോൾ അഭിപ്രായമുണ്ട്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിൽ കർഷകരുടെ കടം നാം എഴുതി തള്ളിയിട്ടുണ്ട്. നേരത്തെ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോഴും അതു നാം ചെയ്തതാണ്. കർഷകരോട് മോദി സർക്കാർ ചെയ്ത ദ്രോഹത്തിന് പരിഹാരം നമ്മൾ അധികാരത്തിലെത്തിയാൽ ചെയ്തിരിക്കും.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. താല്‍ക്കാലിക ലാഭമുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. നാട്ടില്‍ പട്ടിണികൊണ്ട് ബുദ്ധിമുട്ടിയ ജനങ്ങളുണ്ടായിരുന്നു. അവര്‍ക്ക് ഹരിത വിപ്ലവം നടത്തി ഭക്ഷണം കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഒരു ദശാബ്ദത്തിലടക്കം ഇന്ത്യ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും. അഞ്ച് വര്‍ഷം എടുത്ത് പ്രധാനമന്ത്രി രാജ്യത്തിന്റെ സമയം നശിപ്പിക്കുകയായിരുന്നു. ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചതിന് 2019ല്‍ അധികാരത്തില്‍ ഞങ്ങള്‍ വരുമ്പോള്‍ പരിഹാരം കാണും.

പ്രധാനമന്ത്രി കൊണ്ടുവന്ന ജിഎസ്ടി വന്‍ പരാജയമായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ ഗബ്ബര്‍സിങ് നികുതി സമ്പ്രദായം പൊളിച്ചെഴുതും. കേരള സര്‍ക്കാര്‍ സ്വന്തം ആളുകളെ പ്രോല്‍സാഹിപ്പിക്കാന്‍ മാത്രമാണു ശ്രമിക്കുന്നത്. മനുഷ്യനിര്‍മിത ദുരന്തം എന്നു വിശേഷിപ്പിക്കുന്ന പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. അപ്പോള്‍ ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നു. പ്രയാസകാലത്ത് എല്ലാവരും ഒരുമിച്ചായിരുന്നു. കേരള സര്‍ക്കാര്‍ സംസ്ഥാനം പുനര്‍നിര്‍മിക്കുമെന്നാണു നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്താണു ചെയ്തത്?.

കേരളത്തിലെ സിപിഐഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പാവങ്ങള്‍ക്കും സംരക്ഷണം കൊടുക്കുകയെന്നത് അവരുടെ പരിഗണനയില്‍ പോലും ഇല്ല. കേരളം ഒരുമിച്ചു നില്‍ക്കണമെന്നാണു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. യുവാക്കള്‍ക്കു വേണ്ടി എന്തു ചെയ്‌തെന്ന് സിപിഐഎമ്മിനോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ഷകര്‍ക്കു വേണ്ടി അവര്‍ എന്താണു ചെയ്തത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയോടു ചോദിച്ച അതേ കാര്യങ്ങളാണു കേരള സര്‍ക്കാരിനോടും ചോദിക്കുന്നത്. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യവും കേരളവും വളരുകയുള്ളു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് യുവാക്കള്‍ക്കു അവസരങ്ങള്‍ കൊടുത്താല്‍ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാം. അങ്ങനെവന്നാല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉപകരണങ്ങള്‍ ചൈനയിലെ യുവാക്കള്‍ ഉപയോഗിക്കും. രാജ്യത്തെ എല്ലാ സംവിധാനങ്ങളും വിഭജിക്കപ്പെടുകയാണ്. ഇവരെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ശേഷി കോണ്‍ഗ്രസിനു മാത്രമാണ്. ബിജെപിയുമായി ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും പോരാടി നമ്മള്‍ ജയിച്ചു. കേരളത്തിലും നരേന്ദ്ര മോദിക്കെതിരെയും ഇതു തന്നെയാണു നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു ഇതിന് ഒപ്പം നില്‍ക്കേണ്ടത്. ആര്‍എസ്എസ്സിനും സിപിഐഎമ്മിനും കേഡറുകളുണ്ടെന്നാണു പറയുന്നത്. പക്ഷേ രാജ്യത്തിന്റെ ഹൃദയമെന്നതു നമ്മളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്രത്തിനായി ജയിലില്‍ കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ട് മടക്കുകയായിരുന്നു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും കേരളത്തില്‍ സിപിഐഎമ്മിനെയും തോല്‍പ്പിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അടുത്ത കാലത്തു ഞാന്‍ ദുബൈയില്‍ പോയിരുന്നു. കേരളത്തില്‍നിന്നുള്ള ആളുകളുടെ ഐക്യവും സത്യസന്ധതയും കണ്ടപ്പോള്‍ അഭിമാനം തോന്നി. കേരളം വെറുമൊരു സംസ്ഥാനമല്ല. അതൊരു ആശയമാണ്. ലോകത്തെ നോക്കിക്കാണാനുള്ള ഒരു രീതിയാണതെന്നും രാഹുല്‍ പറഞ്ഞു.

നാല് ജഡ്ജിമാ‍ർ സുപ്രീംകോടതിയിൽ നിന്ന് പുറത്ത് വന്ന് അവർക്ക് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞു. പ്രവൃത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ജഡ്ജിമാർ പറയുമ്പോൾ അമിത് ഷായും മോദിയും അടക്കമുള്ളവ‍ർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആലോചിക്കണം. സിബിഐ ചീഫിനെ എന്തിനാണ് അർദ്ധരാത്രി മാറ്റിയത്. മുൻ ഫ്രഞ്ച് പ്രസിഡന്റ റാഫേൽ ഇടപാടിനെക്കുറിച്ച് പറഞ്ഞത് എന്താണെന്നും രാഹുല്‍ ചോദിച്ചു.

error: This article already Published !!