ശിഥിലനിദ്രാടനത്തിലെ സാമൂഹിക വിചാരണ: പ്രശസ്ത നിരൂപകൻ രഘുനാഥൻ പറളി എഴുതുന്നു

0
6

-രഘുനാഥൻ പറളി

നമുക്ക് ഒട്ടും പരിചയമില്ലാത്ത അല്ലെങ്കില്‍ നമ്മള്‍ ഒട്ടും പരിഗണിക്കാത്ത ഒരു കുടുംബാവസ്ഥയെ കേന്ദ്രമാക്കിക്കൊണ്ട് നവാഗത സംവിധായകനായ മധു സി നാരായണന്‍ ആഖ്യാനപരമായി‍ നടത്തുന്ന ഒരു ‘കൈവിട്ട’ യാത്രയാണ് ആദ്യത്തില്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം.

ശിഥിലമായ ഒരു സ്വപ്നാടനത്തിന് ഈ ചിത്രത്തില്‍ നമ്മളും വിധേയരാകുന്നത്, അത്രമേല്‍ അസ്ഥിരമായ ഒരു ജീവിതാവസ്ഥയുടെ നേര്‍ ചിത്രീകരണമായി ഈ സിനിമ മാറുന്നതുകൊണ്ടാണ്. സഹോദരന്‍മാരായിരിക്കുമ്പോഴും, സാഹോദര്യം പങ്കിടാനാകാതെ, പലപ്പോഴും ശത്രുക്കളെപ്പോലെത്തന്നെ പെരുമാറുന്ന നാലു സഹോദരന്‍മാരിലൂടെയാണ്, അവരുടെ ജീവിത ചിത്രണമായാണ്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങുന്നത്.

കുടുംബം എന്ന സ്ഥാപനത്തിന്റെ സ്വത്വത്തെ തന്നെ വിചാരണ ചെയ്യുന്ന ‘ഷോപ്പ് ലിഫ്റ്റേഴ്സ്’ എന്ന ജപ്പാനീസ് ‍ ചിത്രം -പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം (IFFK യില്‍ കാണാന്‍ കഴിഞ്ഞത്)- സ്വാഭാവികമായും ഈ സിനിമ കാണുമ്പോള്‍ ഓര്‍മയില്‍ തെളിഞ്ഞു.

പക്ഷേ അവിടെ രക്തബന്ധം ഇല്ലാതെതന്നെ, ആഴമുളള മനുഷ്യബന്ധത്തിന്റെ സ്നേഹധമനികള്‍ വലയം ചെയ്യുന്ന കഥാപാത്രങ്ങളെയാണ് നാം കാണുന്നതെങ്കില്‍, ഇവിടെ രക്തബന്ധം വിസ്മരിക്കപ്പെട്ടതുപോലെ പെരുമാറുന്ന, പിന്നീട് സാഹോദര്യത്തിന്റെ തീവ്ര സ്നേഹത്തിലേക്ക് ‍ജ്ഞാനസ്നാനപ്പെടുന്ന നാലുപേരെയാണ് നമ്മള്‍ ദര്‍ശിക്കുന്നത്. Is blood thicker than water എന്ന ഒരു ചോദ്യമോ അന്വേഷണമോ കൂടി അതിലുണ്ട്, വാച്യാര്‍ത്ഥത്തിനപ്പുറം..!

ശക്തമായ പേഴ്സണാലിറ്റി‍ ഡിസോര്‍‍‍ഡര്‍ ഉളള- എന്നാല്‍, ആണത്ത അധികാരം എന്നതിനെ ഒരു തികഞ്ഞ സാധ്യതയായി ഉപയോഗിച്ചുകൊണ്ട് തന്റെ എപ്പോഴും തെന്നിപ്പോകാവുന്ന മാനസികാവസ്ഥയേയും, വരത്തന്‍ എന്ന സാമൂഹികാവസ്ഥയേയും ഒട്ടും പഴുതുകളില്ലാതെ പരമാവധി പിടിച്ചു നിര്‍ത്താന്‍ അല്ലെങ്കില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന, തന്റെ പ്രകടിതരൂപത്തെ ഒരു ‘കംപ്ലീറ്റ് മാന്‍’ ആയി നിലനിര്‍ത്താന്‍ വ്യഗ്രതപ്പെടുന്ന ഷമ്മി എന്ന കഥാപാത്രം, ഒരു പക്ഷേ ഫഹദ് ഫാസിലിനു മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണെന്ന് കരുതേണ്ടിവരുന്നുണ്ട്.

‘നോര്‍ത്ത് 24 കാതം’ എന്ന ചിത്രത്തിലെ, ഇത്തരുണത്തില്‍ വ്യക്തിഗത അപഭ്രംശമുളള ഹരി എന്ന ടെക്കി കഥാപാത്രത്തില്‍ നിന്ന്, ഷമ്മിയിലേക്കുളള ദൂരം ഫഹദിനെ സംബന്ധിച്ചിടത്തോളം ഒട്ടും ദീര്‍ഘമുളളതല്ല എന്നതു കൂടിയാണ് അതിനു കാരണം. മറ്റൊരര്‍ഥത്തില്‍ ഷമ്മി ഒരു പ്രതിനായകനാകുന്നത് അയാള്‍ പോലുമറിയാതെയാണ് എന്നത്, ആ കഥാപാത്രം നമ്മെ ബോധ്യപ്പെടുത്തുന്നതിലാണ്, നടന്റെ വലിയ വിജയം കാണാനാവുക. ചിരിയ്ക്കും വെറുപ്പിനും അപ്പുറമുളള ഒരു സഹാനുഭൂതി ആ കഥപാത്രം അര്‍ഹിക്കുന്നുണ്ടെന്ന വലിയ സത്യം, ഭാര്യാമാതാവ്, അവന് ഭ്രാന്താണ് എന്ന് പറയുന്ന ദൈന്യ സന്ദര്‍ഭത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്.

അതേസമയം, സ്ത്രീത്വം എന്നത്, തകര്‍ന്ന വീട്ടിനെ പുന:ഷ്ടിക്കുന്ന ത്രിത്വമായി സിനിമയില്‍ പതുക്കെ വളരുന്നതും വികസിക്കുന്നതും നമ്മള്‍ കാണുന്നു. അമ്മ നിരാകരിച്ച ഒരു വീടിന്റെ പുന:സൃഷ്ടി കൂടിയാണ് അത് എന്നത് സിനിമയിലെ വേദന നിറഞ്ഞ സന്തോഷമാണ്. ഈ പുതിയ കുടുംബം സിനിമയ്ക്കു നല്‍കുന്ന തലങ്ങള്‍ ആ അര്‍ഥത്തില്‍ പലതാണു താനും. പൊതുവില്‍ ഇരുണ്ട ഫ്രെയിമുകള്‍ കൂടുതലായി ചിത്രത്തെ പൊതിയുന്നത്, വെളിച്ചമുളള ഒന്നും ആ സഹോദരന്‍മാരുടെ ജീവിതത്തില്‍ കാണുന്നില്ല എന്നതുകൊണ്ടു കൂടിയാണ്. സൗബിന്‍ താഹിര്‍ തന്റെ കഥാപാത്രത്തെ അലസതയുടെയും നിഷ്ക്രിയതയുടെയും ജീവിക്കുന്ന ആള്‍രൂപമാക്കി മാറ്റുന്നത് ഈ സിനിമയെ പലപാട് സ്വാധീനിക്കുന്നുണ്ട്.

അതുപോലെ, ബേബി മോള്‍, ബോബിയോട് ട്രൂ ലൗ എന്നതൊക്കെ അവസാനിച്ചുവോ എന്ന് ചോദിക്കുന്നതിലെ ലാഘവത്വം തന്നെയാണ് അതിന്റെ വലിയ ഭാരമാകുന്നതും. തിരക്കഥയില്‍ ശ്യാം പുഷ്കരന്‍ സ്വാഭാവികതയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത് എന്നത് മുന്‍ ചിത്രങ്ങളുട കൂടി ഓര്‍മയില്‍, പ്രത്യേകം പറയേണ്ടതില്ല. ഷെയിന്‍ നിഗം,ശ്രീനാഥ് ഭാസി, മാത്യു തോമസ് തുടങ്ങിയ നടന്മാര്‍‍ മാത്രമല്ല, ചില സ്ഫോടനാത്മക പ്രതികരണങ്ങള്‍കൂടി സാധിക്കുന്ന അന്നാ ബെന്‍ (ബേബി മോള്‍), ഗ്രേസ്, ജാസ്മിന്‍‍ തുടങ്ങിയ നടിമാരും ചിത്രത്തിന്റെ വലിയ കരുത്താണ്.

മാത്രമല്ല, അന്നാ ബെന്‍, ഈ ചിത്രത്തിലൂടെ ഭാവിയിലേക്ക് തന്നെ വലിയ തോതില്‍ അടയാളപ്പെടുത്തുകകൂടി ചെയ്യുന്നുണ്ടെന്നു പറയാം. ഒരിടത്ത് കുടുംബം രൂപപ്പെടുമ്പോള്‍, മറ്റൊരിടത്ത് വ്യവസ്ഥാപിത കുടുംബം അഴിഞ്ഞുപോകുന്ന കാഴ്ച, ഈ സിനിമ സര്‍ഗാത്മകമായി പ്രതിഫലിപ്പിക്കുന്ന ഒരു ‘കണ്ണാടി അവസ്ഥ’യായി, നമ്മുടെ മുഖത്തേക്ക് തീക്ഷ്ണവെളിച്ചം തെളിക്കുന്നുണ്ട്. അതു തന്നെയാണ് ഒരുപക്ഷേ, ചിത്രം ലക്ഷ്യമിടുന്ന സൗമ്യമായ സാമൂഹ്യ വിചാരണയും. ‘ഷോപ്പ് ലിഫ്റ്റേഴ്സി’നെക്കുറിച്ചു പറഞ്ഞതുപോലെ, ഈ ചിത്രത്തിന് മുമ്പു തന്നെ ഇവിടെയുളളതും സിനിമയക്കു ശേഷം തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ, ഒരു സാഹചര്യമായിട്ടാണ്- നമ്മള്‍ കാണാന്‍ കൂട്ടാക്കാതെപോയ ഒരു സാഹചര്യമായിക്കൂടിയാണ്- ഈ ചിത്രത്തെ അറിയുന്നത് എന്നു സാരം.