കരമനയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരം: കരമന തളിയല്‍ അരശുംമൂടിന് സമീപത്തുനിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ യൂത്ത് കോണ്‍ഗ്രസ് ആറ്റുകാല്‍ മണ്ഡലം സെക്രട്ടറിയെ ക്രൂരമായി കൊലചെയ്ത നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള ഒരുകമ്പില്‍ വീട് ടി.സി 22/466ല്‍ അനന്തു ഗിരീഷിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്.

നീറമണ്‍കര ദേശീയ പാതയ്ക്ക് സമീപമുള്ള ആര്‍ടിടിസി -ബിഎസ്എന്‍എല്‍ പുറമ്പോക്ക് ഭൂമിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഉപയോഗശൂന്യമായ പന്നിക്കൂട്ടിലാണ് മൃതദേഹം കിടന്നത്.ഇന്നലെ രാവിലെ 10.30ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമണ്‍കരയ്ക്ക് സമീപം ദേശീയപാതയില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കളും പൊലീസും ഒരുമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ട് കൈയിലെയും ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ശരീരമാസകലം മുറിവുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാലു, റോഷന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാക്ക ഐടിഐയിലെ മുന്‍ വിദ്യാര്‍ത്ഥിയാണ് അനന്തു. ആട്ടോഡ്രൈവറായ ഗിരീഷാണ് പിതാവ്. അമ്മ: മിനി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേകാണ് ഏകസഹോദരന്‍.

കാഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 8ന് അനന്തു ഉള്‍പ്പെട്ട സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഡാന്‍സ് കളിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കരമനയില്‍നിന്നു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അനന്തു തളിയല്‍ അരശുംമൂടിന് സമീപം ഇറങ്ങി കടയില്‍ നിന്നു വെള്ളം കുടിച്ച് മടങ്ങുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധംമങ്ങിയ അനന്തുവിനെ ബൈക്കില്‍ത്തന്നെ ബലമായി പിടിച്ചിരുത്തി കൊണ്ടുപോയി. അനന്തുവിന്റെ ബൈക്കും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു

error: This article already Published !!