എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം; സുരേഷ് ഗോപിയെ കാണാന്‍ ലൊക്കേഷനിലെത്തിയ ഗോകുലിന്റെ വാക്കുകള്‍ ഇങ്ങനെ

4വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്കു മടങ്ങി വരികയാണ്. ‘തമിഴരശന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആക്ഷന്‍ കിങ്ങിന്റെ റീ എന്‍ട്രി.

ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ കാണാന്‍ മക്കളായ ഗോകുല്‍ സുരേഷും ഭവാനിയും എത്തിയിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ അഭിനയത്തിലേക്കു തിരികെ വന്ന അച്ഛന്റെ അഭിനയം കാണാനെത്തിയതായിരുന്നു ഇരുവരും.മക്കളുടെ ലൊക്കേഷന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഒപ്പം ഹൃദയസ്പര്‍ശിയായൊരു കുറിപ്പും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്.

‘ഗോകുലും ഇളയ മകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നു. എന്റെ അരികില്‍ നിന്ന് അല്‍പ്പം മാറി കൈകെട്ടി നിന്ന് ഗോകുല്‍ മന്ത്രിച്ചു, അച്ഛാ… ഈ ലൈറ്റുകള്‍ക്കും അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും ഇടയില്‍ അച്ഛനെ കാണുമ്പോള്‍ എനിക്കു വളരെ സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം.

ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചെങ്കിലും ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനെന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്തുവില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ ഞാന്‍ നിറവേറ്റും”. അദ്ദേഹം കുറിച്ചു.

ബാബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശനി’ല്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് താരം. വിജയ് ആന്റണിയാണ് നായകന്‍. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.2015 ല്‍’മൈ ഗോഡ്’ എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ നിന്നു ഇടവേളയെടുത്ത സുരേഷ് ഗോപി ലേലത്തിന്റെ രണ്ടാം ഭാഗത്തിലും ഉടന്‍ അഭിനയിക്കും.

error: This article already Published !!