ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് മുന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്തിന് ബിസിസിഐ എര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. എന്നാല്‍ കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തമാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

ബിസിസിഐ നടപടിക്കെതിരേ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷന്‍ ,കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതിനെന്തായാലും ആജീവനാന്തവിലക്കല്ല ഏര്‍പ്പെടുത്തേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ കേസും അച്ചടക്കനടപടിയും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി.ഐപിഎല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

error: This article already Published !!