ചെര്‍പ്പുളശ്ശേരി സിപിഎം ഓഫീസിലെ പീഡനാരോപണം; തെരഞ്ഞെടുപ്പ് കാലത്ത് ഇത് പതിവാണെന്ന് എം ബി രാജേഷ്

പാലക്കാട്: ചെര്‍പ്പുളശ്ശേരി സിപിഎം ഓഫീസില്‍ വച്ച് പീഡനം നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ്

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ പതിവാണെന്നും ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത് പോലെയുള്ള ആരോപണങ്ങള്‍ പൊളിഞ്ഞു പോവുകയും ചെയ്കതിട്ടുണ്ടെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. വസ്തുതകളെല്ലാം എത്രയും പെട്ടന്ന് പുറത്ത് വരട്ടെയെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് എം ബി രാജേഷ് ആവശ്യപ്പെടുന്നത്.

യുവതി പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച് പീഡനത്തിനിരയായെന്നാണ് പൊലീസിന് പരാതി നല്‍കിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. യുവതിയുടെ പരാതിയിന്‍മേല്‍ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.

ഇരുവരും സിപിഎം പോഷക സംഘടന പ്രവര്‍ത്തകരായിരുന്ന ചെര്‍പ്പുളശേരിയില്‍ പഠിക്കുന്ന സമയത്ത് കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

error: This article already Published !!