സ്പീക്കറുടെ ഇടപെടല്‍.;മല്‍സ്യത്തൊഴിലാളിയുടെ മകള്‍ സുല്‍ഫത്ത് സ്വപ്നത്തിലേക്കുള്ള പാതയിലാണ്

പൊന്നാനി:ഡോക്ടറാകുകയെന്ന സ്വപ്‌നത്തിലേക്കുള്ള പാതയിലാണ് പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളിയുടെ മകളായ സുല്‍ഫത്ത്.പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ കൊഴിഞ്ഞുപോകുമായിരുന്ന ആഗ്രഹം യാഥാര്‍ഥ്യമാകുകയാണ് ഈ മിടുക്കി.അതിന് തുണയായത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലും.

പൊന്നാനിയിലെ മത്സ്യതൊഴിലാളിയായ എഴുകുടിക്കല്‍ ലത്തീഫിന്റെ മകളായ സുല്‍ഫത്ത് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണിപ്പോള്‍. തന്റെയും കുടുംബത്തിന്റെയും വലിയ സ്വപ്‌നം പൂവണിഞ്ഞതിന് സുല്‍ഫത്ത് നന്ദി പറയുന്നത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോടാണ്.പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസും പ്ലസ്ടുവിന് 98.5 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടി സുല്‍ഫത്ത്. പൊന്നാനി എംഐ ഗേള്‍സിലെ അധ്യാപകരുടെ നിര്‍ബന്ധവുംകൂടിയായപ്പോള്‍ കോട്ടക്കല്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രന്‍സ് പരിശീലനത്തിനുചേര്‍ന്നു. എന്‍ട്രന്‍സ് പരീക്ഷയിലും മികവാര്‍ന്ന വിജയം.

സര്‍ക്കാരിനെതിരെ കോടതിയില്‍ പോയി 11 ലക്ഷം വാര്‍ഷിക ഫീസ് ഈടാക്കാന്‍ അനുമതി വാങ്ങിയ എറണാകുളത്തെ സ്വാശ്രയ കോളേജിലാണ് മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചത്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ലത്തീഫിനും കുടുംബത്തിനും 11 ലക്ഷം ഫീസെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. ഡോക്ടറാവണമെന്ന സുല്‍ഫത്തിന്റെ ആഗ്രഹം പാതിയില്‍ തകരുമെന്ന ഘട്ടത്തിലാണ് സ്പീക്കര്‍ ഇടപെട്ടത്.ഏതുവിധേനയും സുല്‍ഫത്തിന്റെ ആഗ്രഹം നിറവേറ്റുമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍, പണം കെട്ടിവയ്ക്കുന്നത് നിര്‍ബന്ധമാണെന്നായിരുന്നു എന്‍ട്രന്‍സ് കമീഷണറുടെ നിലപാട്.

മത്സ്യതൊഴിലാളി മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്വാശ്രയ മെഡിക്കല്‍ പഠനത്തിന് ഫീസിളവ് ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തത് തടസ്സമായി. മത്സ്യതൊഴിലാളികളിലെ എസ്‌സി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു ചട്ടപ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരുന്നത്. വിഷയം സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മെഡിക്കല്‍ പ്രവേശനത്തിനുള്ള അവസാന ദിവസങ്ങളായതിനാല്‍ മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍.ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗംവിളിച്ചു.

ഒന്നര മണിക്കൂറിനുള്ളില്‍ മത്സ്യതൊഴിലാളി മേഖലയിലെ മുക്കുവ ധീവര വിഭാഗത്തിനുമാത്രം ലഭിച്ചിരുന്ന ഫീസിളവ് ആനുകൂല്യത്തില്‍ മുഴുവന്‍ മത്സ്യതൊഴിലാളികളുടെ മക്കളും ഉള്‍പ്പെടുന്ന തരത്തില്‍ ഉത്തരവിറക്കി.
ആവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കി.അതോടെ സ്വപ്നങ്ങളിലേക്കുള്ള സുല്‍ഫത്തിന്റെ യാത്രക്ക് ജീവന്‍ വെച്ചു.ഓരോ മല്‍സ്യത്തൊഴിലാളി കുടുംബത്തിനും മാതൃകയാണ് സുല്‍ഫത്തിന്റെ ഈ പഠനജീവിതം

error: This article already Published !!