തിയേറ്റര്‍ പൂരപ്പറമ്പാക്കി മധുരരാജ, ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ എഴുതുന്നു

ഒരു പക്കാ മാസ്സ് മസാല ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ മധുര രാജ എന്ന മമ്മൂട്ടി ചിത്രം.അവകാശവാദങ്ങള്‍ക്കപ്പുറം കുടുംബമൊന്നിച്ച് ഈ അവധിക്കാലത്ത് ആഘോഷിക്കാനുള്ളതെല്ലാം ഈ സിനിമ നല്‍കുന്നുണ്ട്.അതുകൊണ്ട് തന്നെ നിറഞ്ഞ കൈയ്യടിയോടെയാണ് കാണികള്‍ ചിത്രത്തെ വരവേല്‍ക്കുന്നതും.

പോക്കിരി രാജയിലെ രാജ ( മമ്മൂട്ടി)എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവ് ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പാമ്പിന്‍ തുരുത് എന്ന സ്ഥലത്തേക്ക് ഉള്ള രാജയുടെ വരവ് ആണ് ഈ ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്. രാജ എന്തിനു വന്നു, അതിനു ശേഷം അവിടെ എന്ത് സംഭവിക്കുന്നു എന്നതൊക്കെ ആണ് ഈ ചിത്രം പറയുന്നത്.ഒന്‍പതു വര്‍ഷം മുന്‍പ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ പോക്കിരി രാജ എന്ന ചിത്രം കുട്ടികള്‍ക്കുപോലും ഏറെ പ്രിയപ്പെട്ടതാണ്.ഇത്തവണ അതിലും നാലടി മുകളില്‍ നില്‍ക്കുന്നുണ്ട് മധുര രാജ.

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ വിജയം നേടിയ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉദയ കൃഷ്ണ വൈശാഖിനു വേണ്ടി വീണ്ടും തിരക്കഥ രചിച്ച ഈ ചിത്രം വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രദര്‍ശനത്തിന് എത്തിയത്.
തമിഴ് നടന്‍ ജയ്, ജഗപതി ബാബു, അനുശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ വലിയ റിലീസുകളില്‍ ഒന്നായി എത്തിയ ഈ ചിത്രം ഇരുപത്തിയേഴു കോടി രൂപയ്ക്കു മുകളില്‍ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ഈ സിനിമ കുടുംബ പ്രേക്ഷകരെയും ഒരുപാട് രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കും. മധുരരാജയില്‍ പേരന്‍പ് കാണാതിരിക്കാനുള്ള വിവേകം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം പൈസ വസൂലാണ്.

ഉദയ കൃഷ്ണ എഴുതിയ ആവേശകരമായ ഒരു തിരക്കഥയുടെ പിന്‍ബലത്തോടെ മികച്ച സിനിമയൊരുക്കാന്‍
വൈശാഖ് എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആരാധകര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണെങ്കില്‍ കൂടി എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയില്‍ വിശ്വസനീയമായ രീതിയില്‍ കഥാസന്ദര്‍ഭങ്ങള്‍ അവതരിപ്പിക്കാനും, ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ ചിത്രം ആദ്യാവസാനംമുന്നോട്ടു കൊണ്ട് പോകാനും വൈശാഖ് എന്ന പരിചയ സമ്പന്നനായ സംവിധായകന് കഴിഞ്ഞു എന്നതാണ് മധുര രാജയുടെ പ്രധാന നേട്ടം.കോമെഡിയും ആക്ഷനും എല്ലാം കോര്‍ത്തിണക്കി ഒരു കമ്പ്‌ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയതോടെ ആരാധകരും ആവേശത്തിലാണ്.

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുടെ ധാരാളിത്തമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മധുര രാജ എന്ന ടൈറ്റില്‍ റോളില്‍ മമ്മൂട്ടി നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. തന്റെ ഗംഭീര സ്‌ക്രീന്‍ പ്രെസെന്‍സും ഡയലോഗ് ഡെലിവറി സ്‌റ്റൈലും കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ ഒരിക്കല്‍ കൂടി ആവേശത്തിലാക്കി.തമിഴ് യുവ താരം ജയ് മലയാളത്തിലേക്കുള്ള ആദ്യ അരങ്ങേറ്റം മോശമാക്കിയില്ല. കൂടാതെ അനുശ്രീ, മഹിമ നമ്പ്യാര്‍, ജഗപതി ബാബു, സിദ്ദിഖ് എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഏറ്റവും ഭംഗിയായി തന്നെ ചെയ്തു.

ഷാജി കുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ഏറെ കോരിത്തരിപ്പിച്ചു.മഹേഷ് നാരായണന്‍, സുനില്‍ എസ് പിള്ളൈ എന്നിവരുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്

error: This article already Published !!