അതിരന്‍,മനസ്സിന്റെ വനസ്ഥലികള്‍ പ്രശസ്ത നിരൂപകന്‍ രഘുനാഥന്‍ പറളി എഴുതുന്നു

‘The brighter the light, the darker the shadow’ എന്ന വാചകം അഥവാ ആശയം മനശ്ശാസ്ത്ര പഠനങ്ങളുടെ ആചാര്യനായ കാള്‍ യുംഗിന്റേതാണ്. അതേസമയം ആ വാചകം നവാഗത സംവിധായകനായ വിവേകിന്റെ, അതിരന്‍ എന്ന പുതി ഫഹദ് ഫാസില്‍-സായ് പല്ലവി ചിത്രത്തില്‍, ഒരു ഘട്ടത്തില്‍ ആംഗലേയത്തില്‍ തന്നെ എഴുതിവെച്ചിട്ടുളളത്, ഒരു സുപ്രധാന ഘട്ടത്തില്‍, ക്യാമറ നമ്മുടെ ശ്രദ്ധയില്‍ പതിപ്പിക്കുന്നുണ്ട്. വെളിച്ചത്തോടൊപ്പം നിഴലും അഥവാ നിഗൂഢതയും വര്‍ദ്ധിക്കുന്ന ഒരു സൈക്കൈ ത്രില്ലര്‍ സിനിമയില്‍ ഈ ആശയത്തിന്റെ പ്രവര്‍ത്തന സാധ്യതകള്‍ വിപുലമാകുന്നുണ്ട് എന്ന ഇടത്താണ്, അതിരന്‍ നമ്മുടെ ഇതുവരെയുളള സിനിമകളില്‍ വേറിട്ട ഒരു അനുഭവമാകുന്നത്.

ഈ മ യൗ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധനേടിയ പി എഫ് മാത്യൂസാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അതീവസൂക്ഷ്മത രചനയില്‍ ആവശ്യമുളള ഒരു ചിത്രം കൂടിയാണിത് എന്നതില്‍ സന്ദേഹമില്ല. ചില സന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും യുക്തിഭദ്രത അല്പം നിഴലിലായിപ്പോകുന്നു എന്ന പരിമിതി അനുഭവപ്പെടാമെങ്കിലും, അന്ത്യത്തില്‍ അതിനെ മറികടക്കുന്ന ഒരു ആഖ്യാന തന്ത്രം തിരക്കഥയിലും സംവിധാനത്തിലും സാധിച്ചിട്ടുണ്ട് എന്നത് സുപ്രധാനമാണ്. ഒരു പക്ഷേ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറങ്ങിയ 9 എന്ന ഹൊറര്‍ ത്രില്ലര്‍ മികച്ചതും പുതുമയുളളതുമായ ആശയം പങ്കിടുന്ന ചിത്രമായിരുന്നെങ്കിലും, അതിന്റെ ആശയനവീനത പ്രേക്ഷകരിലെത്തിക്കാനുളള ആനുപാതിക സമയം കൃത്യമായി നല്കാന്‍ സംവിധായകന്‍ ജനൂസ് മുഹമ്മദ് മജീദിന് കഴിഞ്ഞില്ല എന്നതാണ് ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടിയിരുന്ന ആ ചിത്രത്തിന്റെ വലിയ പരിമിതിയായി ഭവിച്ചത്. ഇവിടെ നവാഗതനായ വിവേകിന് അങ്ങനെയൊരു അപകടം സംഭവിക്കുന്നില്ല. തന്റെ കഥയെ പി എഫ് മാത്യൂസ് തിരക്കഥയാക്കുമ്പോഴും ഇക്കാര്യം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരിക്കണം.

വനമേഖലലയിലെ തികച്ചും ഏകാന്തമായ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയായി എം കെ നായര്‍ എന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തുന്നതോടെ ആരംഭിക്കുന്ന ചിത്രം, നിഗൂഢയടുയെടും ഭയത്തിന്റെയും അനിശ്ചിതത്ത്വത്തിന്റെയും അപകടങ്ങളുടെയും ആക്രമണങ്ങളുടെയും ഒരു താളലയം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. ഒരര്‍ത്ഥത്തില്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളുടേയോ ചിത്തഭ്രമ സന്ദിഗ്ധതക ളുടെയോ ഒരു സദൃശമോ പരിഛേദമോ കൂടിയാണ് ആ വനബംഗ്ലാവ് എന്നും പറയാം..! ഫഹദ് ഫാസിലിന്റെ മേക്ക് ഓവര്‍ ഇവിടെയും സമാനതകളില്ലാത്തതാണ്. ഒരേ സമയം അയാള്‍ അന്തര്‍വഹിക്കുന്നത് ഒന്നിലധികം കഥാപാത്രങ്ങളെയാണ് എന്ന തിരിച്ചറിവിലേക്ക് നമ്മള്‍ എത്തുമ്പോളാണ് ആ സൂക്ഷ്മതയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുക. ഇവിടെ അമ്പരിപ്പിക്കുന്ന വിധം അഭിനയത്തിന്റെ അസാധാരണ ലോകം തീര്‍ക്കുന്നത് സായ് പല്ലവി തന്റെ നിത്യ എന്ന കഥാപാത്രത്തിലൂടെയാണ്.

മനോരോഗം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടിട്ടുളള, എന്നാല്‍ ഓട്ടിസം ബാധച്ചിട്ടുളള നിത്യയെ എം കെ നായര്‍ രക്ഷിക്കുന്നതു കൂടിയാണ് ഒരു ഘട്ടം വരെ സിനിമ എന്നു പറയാം. ഡയലോഗുകള്‍ വളരെ വിരളമായിരിക്കുമ്പോഴും, തന്റെ വിരലുകളുടെയും കണ്ണുകളിലൂടെയും മുഖത്തെ ഭാവവിന്യാസങ്ങളിലൂടെയും സായ് പല്ലവി അഭിനയരംഗത്ത് ലോകോത്തര തലത്തിലേക്ക് കയറിപ്പോകുന്നത് നമ്മള്‍ കാണുന്നു. അതുപോലെ മാനസികാരോഗ്യ കേന്ദ്രം നടത്തുന്ന ഡോക്ടര്‍ ബെഞ്ചമിനെ അതുല്‍ കുല്‍ക്കര്‍ണി അതുല്യമാക്കുന്നുണ്ട്. വലിയ ബംഗ്ലവിലെ ദുരൂഹമായ ഇടനാഴികള്‍ പോലെ തന്നെയാണ് സിനിമയിലെ ഭ്രമാത്മകമായ കഥാവ്യതിയാനങ്ങളും സങ്കീര്‍ണ്ണതകളും. ഹോളിവു് ത്രില്ലറുകളോളം എത്തുന്നില്ലെങ്കിലും, നമ്മുടെ സിനിമ ആ യാത്രയിലും കൂടിയാണെന്ന് അതിരന്‍ വിളിച്ചു പറയുന്നതില്‍, വിവേകിന് അഭിമാനിക്കാം.

ലെന, സുരഭി, നന്ദു, സുദേവ്? നായര്‍, രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, സുരഭി ലക്ഷ്മി, വിജയ് മേനോന്‍ എന്നിവരും അവര്‍ പേറുന്ന നിഗൂഢത പ്രേക്ഷകരിലെത്തിക്കുന്നതില്‍ വലിയൊരളവ്? വിജയിക്കുന്നുണ്ട്. (കാരണം 1967 ല്‍ ഒരു രാജകുടുംബത്തില്‍ നടന്ന ക്രൈമില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നതു തന്നെ!) പ്രകാശ് രാജ് അന്യൂനം അവതരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ് ആദ്യം സൂചിപ്പിച്ചതുപോലെ, കഥാഗതിയുടെ ആണിക്കല്ലാകുന്നത്. അ നു മൂത്തേടത്തിന്റെ ക്യാമറയും ജയഹരിയുടെ സംഗീതവും ജിബ്രാന്റ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചിത്രത്തിന്റെ അടിസ്ഥാന സ്വഭാവം സജീവമായി നിര്‍ണ്ണയിക്കുന്നുണ്ട്. ‘There is always some madness in love. But there is also always some reason in madness’ എന്ന നീത്‌ഷെ വാചകത്തെ സാധൂകരിക്കുന്ന ഒന്നായിക്കൂടി ഈ ചിത്രം പരിണമിക്കുമ്പോള്‍, മലയാള സിനിമയില്‍, സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ ഈ ചിത്രം ഒരിക്കലും വിസ്മൃതമാകില്ല എന്നു തീര്‍ത്തു പറയാം.

error: This article already Published !!