ബജാജ് ഓട്ടോ ലിമിറ്റഡ് പള്‍സറിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കി

0
12

പള്‍സറിന്റെ പുതിയ മോഡലുകള്‍ പുറത്തിറക്കി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ്. 125 സി.സി എന്‍ജിനുള്ള പള്‍സര്‍- 125 നിയോണിന്റെ രണ്ട് മോഡലുകളാണ് വില്‍പ്പനയ്ക്കെത്തിയത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുള്ള മോഡലിന് 66,618 രൂപയും ഡ്രം ബ്രേക്കുള്ള ബേസിക് മോഡലിന് 64,000 രൂപയുമാണു ഡല്‍ഹി ഷോറൂം വില.

സിംഗിള്‍ സീറ്റോടെ എത്തുന്ന ബൈക്കില്‍ 150 നിയോണിനെ പോലെ ഇന്ധന ടാങ്ക് എക്സ്റ്റന്‍ഷനും ബെല്ലി പാനുമൊക്കെ ബജാജ് ഒഴിവാക്കിയിട്ടുണ്ട്.ബൈക്കിനു കരുത്തേകുന്നത് 124.38 സി.സി, സിംഗിള്‍ സിലിണ്ടര്‍, ഇരട്ട വാല്‍വ്, എയര്‍ കൂള്‍ഡ്, ഡി.ടി.എസ്.ഐ എന്‍ജിനാണ്. 8,500 ആര്‍.പി.എമ്മില്‍ 12 ബി.എച്ച്.പിയോളം കരുത്തും 6,500 ആര്‍.പി.എമ്മില്‍ 11 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. അതേസമയം വിദേശ വിപണികളില്‍ വില്‍പ്പനയ്ക്കെത്തുന്ന ‘എന്‍.എസ് 125’ ബൈക്കില്‍ നാലു വാല്‍വുള്ള 124.45 സി.സി എന്‍ജിനാണ് ബജാജ് ഘടിപ്പിക്കുന്നത്. പക്ഷേ ആ എന്‍ജിന്റെ പ്രകടനം ഈ 124.38 സി.സി എന്‍ജിനോടു സമമവുമാണ്.

അതേസമയം, സുരക്ഷാ മാനദണ്ഡങ്ങളിലെ ഇളവ് പ്രയോജനപ്പെടുത്തി ഈ 125 സി സി ബൈക്കില്‍ ആന്റി ലോക്ക് ബ്രേക്ക് സംവിധാനത്തിനു പകരം കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)മാണു ബജാജ് നടപ്പാക്കിയത്.150 സി സി പള്‍സറിനു 144 കിലോഗ്രാം ഭാരമുള്ളപ്പോള്‍ 125 സി സി വകഭേദത്തിന്റെ ഭാരം 139.50 കിലോഗ്രാമാണ്.

നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നീ നിറങ്ങളിലാണു പള്‍സര്‍ 125 നിയോണ്‍ വിപണിയിലുള്ളത്.ബൈക്കിന്റെ നിറത്തോടു ചേര്‍ന്നു പോകുന്ന പള്‍സര്‍ ലോഗോയും ഗ്രാബ് റയിലും പിന്‍ കൗളില്‍ ത്രിമാന ലോഗോ, കറുത്ത് അലോയില്‍ നിയോണ്‍ സ്പര്‍ശം തുടങ്ങിയവയും പള്‍സര്‍ 125 നിയോണിന്റെ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക് അബ്സോബറും സസ്പെന്‍ഷനാവുന്ന പള്‍സര്‍ 125 നിയോണില്‍ പള്‍സര്‍ 150 നിയോണിലെ പോലെ 17 ഇഞ്ച് വീലാണു ബജാജ് ലഭ്യമാക്കുന്നത്.