പേരക്കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു

0
16

ചെന്നൈ: പേരക്കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദിച്ചു കൊന്നു. കുംഭകോണം ഗാന്ധി നഗറര്‍ സ്വദേശി രത്തിനമാണ് (75) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ പ്രകാശ് (24), പ്രകാശ് (25) എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട രത്തിനത്തിന്റെ പേരക്കുട്ടിയായ 22-കാരിയെ പ്രതികള്‍ കുറേ നാളുകളായി ശല്യം ചെയ്തിരുന്നു. സംഭവദിവസം രാത്രി വീടിനു മുമ്പില്‍ നിന്ന് പ്രതികള്‍ യുവതിയെ ഫോണില്‍ വിളിച്ചിരുന്നു. യുവതി മുത്തച്ഛനോടു പരാതി പറയുകയും ഇത് ചോദിക്കാന്‍ ചെന്ന രത്തിനം പ്രതികളോട് കൊച്ചുമകളെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതേച്ചൊല്ലി വാക്കേറ്റത്തിലേര്‍പ്പെട്ട പ്രതികള്‍ രത്തിനത്തെ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിനിടെ രത്തിനം തലയിടിച്ച് നിലത്തു വീണു. വീഴ്ചയില്‍ തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്നു തുടങ്ങിയതോടെ പ്രതികള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. രത്തിനത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.