ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

0
5

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്.

രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പി സദാശിവത്തിന്റെ പിന്‍ഗാമിയായാണ് സംസ്ഥാനത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെത്തിയത്. ഇന്നലെ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. മന്ത്രിമാരായ എ.കെ.ബാലന്‍. ഇ.ചന്ദ്രശേഖരന്‍,കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

മുഖ്യമന്ത്രി രാജഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഞായറാഴ്ചയാണ് വിജ്ഞാപനമിറക്കിയത്. പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കി പി. സദാശിവം ബുധനാഴ്ച കേരളത്തില്‍നിന്നു മടങ്ങിയിരുന്നു.