ആകർഷിക്കുന്നത് കമ്മിഷൻ വാഗ്ദാനം ചെയ്ത്: മലയാളി യുവാക്കൾക്ക് എട്ടിന്റെ പണികൊടുത്ത് തമിഴ് യുവതി

0
5

മലേഷ്യയിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് നിരവധി മലയാളി യുവാക്കളിൽ നിന്ന് പണം തട്ടി തമിഴ് യുവതി. ഗുഗപ്രിയ കൃഷ്ണൻ എന്ന തമിഴ് വംശജയാണ് മലയാളിയെന്നു സംശയിക്കുന്ന ഭർത്താവ് വിജയകുമാറിനും മധുര സ്വദേശിയായ സഹായി ജബരാജിനുമൊപ്പം ചേർന്ന് യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്.

തൊഴിൽരഹിതരായ യുവാക്കളെ അനധികൃത ജോബ് കൺസൾട്ടൻസി വഴിയാണ് ഇവർ മലേഷ്യയിൽ എത്തിക്കുന്നത്. വൻ കമ്പനികളിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തുന്നത്. എന്നാൽ സഹായിയായ ജബരാജിനെ ചതിച്ചതോടെ ഇയാൾ ഗുഗപ്രിയയുടെ തട്ടിപ്പുകൾ പുറംലോകത്തിനു വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് നിരവധി ആളുകൾ ഇരകളായ കാര്യവും അറിയുന്നത്.

നല്ല ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവാക്കളെ മലേഷ്യയിൽ എത്തിച്ചശേഷം അവരുടെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം മുങ്ങുകയാണ് ഗുഗപ്രിയയുടെ രീതി. ഇതിനോടകം ഇവർ ആയിരത്തിലധികം യുവാക്കളെ വഞ്ചിച്ച് ലക്ഷങ്ങളാണ് തട്ടിയത്. ജോബ് വിസപോലും ഇല്ലാതെ മലേഷ്യയിലെ ഹോട്ടലുകളിൽ വെയ്റ്റർമാരായി ജോലിചെയ്തുവരികയാണ് ഇവർ. അഞ്ചുവർഷത്തിലേറെയായി ഗുഗപ്രിയ തട്ടിപ്പുതുടങ്ങിയിട്ടെന്ന് മലേഷ്യയിൽനിന്നും രക്ഷപ്പെട്ടെത്തിയവർ പറയുന്നു. ഇവർക്ക് മലേഷ്യൻ പൗരത്വമുണ്ട്. ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പിനിരയായ നിരവധി ആളുകൾ ഇവർക്കെതിരേ പരാതി നൽകിയിട്ടുണ്ടെങ്കിലും പലവിധ സ്വാധീനത്തിന്റെ ബലത്തിൽ ഇവർ ഓരോ തവണയും രക്ഷപ്പെട്ടു. എന്നാൽ തട്ടിപ്പിനു കൂട്ടുനിന്ന ജബരാജിന്റെ പാസ്പോർട്ടും ഇവർ അടിച്ച് മാറ്റിയതോട് കൂടിയാണ് വിവരങ്ങൾേ പുറത്ത് വരുന്നത്. ഇയാൾക്ക് വാഗ്ദാനം ചെയ്ത കമ്മിഷൻ തുകയും നൽകാൻ അവർ തയാറായില്ല. തുടർന്നാണ് ജബരാജ് ഗുഗപ്രിയക്കെതിരേ രണ്ടുമാസം മുമ്പ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ നിരവധി വാർത്തകൾ പത്രങ്ങളിൽ ഇവരെപ്പറ്റി വന്നെങ്കിലും അന്വേഷണം അത്ര കാര്യക്ഷമമായില്ല.

തട്ടിപ്പിനായി തന്ത്രപരമായ രീതികളാണ് ഗുഗപ്രിയ സ്വീകരിക്കുന്നത്. ഇതിനായി പെട്രോണാസ്, ലേ-മോൾഡിങ് പോലുള്ള വൻകിട സ്ഥാപനങ്ങളിൽ ഒഴിവുണ്ടെന്നു കാട്ടി സാമൂഹിക മാധ്യമങ്ങൾ, ഇന്റർനെറ്റ് എന്നിവയിലൂടെ ഇവർ പരസ്യം നൽകും. തുടർന്ന് ജബരാജിനെ കേരളത്തിലേക്ക് അയക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത ജോബ് കൺസൾട്ടൻസികളെ സ്വാധീനിച്ച് വൻതുക ഇവർക്ക് കമ്മിഷൻ വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകർഷിക്കുന്നത്. ഇവർ പറയുന്ന സ്ഥാപനത്തിൽ ഒഴിവുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചാൽ ഇവർതന്നെ സ്ഥാപനത്തിന്റെ എച്ച്.ആർ. വിഭാഗത്തിന്റെ നമ്പർ നൽകും.

ഇതിൽ വിളിച്ചാൽ ഒഴിവ് ഉണ്ടാകും എന്ന മറുപടി ആയിരിക്കും കിട്ടുക. എന്നാൽ ഇത് ഗുഗപ്രിയയുടെ സംഘത്തിൽപ്പെട്ട ആളുടെ നമ്പർ തന്നെയായിരിക്കും. ഒരാൾക്ക് ജോലി നൽകുന്നതിന് 3.75 ലക്ഷം മുതൽ ആറുലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്കനുസരിച്ച് അമ്പതിനായിരം മുതൽ ഒന്നര ലക്ഷം വരെ ഏജൻസിക്ക് കമ്മിഷൻ നൽകും. മലേഷ്യയിൽ എത്തിയ ഉടനെ ജോലി ലഭിക്കുമെന്നും ആഴ്ചകൾക്കുള്ളിൽ ജോബ് വിസ നൽകുമെന്നുമാണ് വാഗ്ദാനം. യുവാക്കൾ മലേഷ്യയിലെത്തിയാൽ നല്ല താമസസ്ഥലം നൽകും. തുടർന്ന് ഇവരുടെ പാസ്പോർട്ട് കെക്കലാക്കും.

എന്നാൽ കിട്ടാവുന്നത്ര പണം സ്വരൂപിച്ച ശേഷം പാസ്പോർട്ടുകളുമായി ഗുഗപ്രിയ മുങ്ങുകയാണ് പതിവ്. ഇതോടെ താമസസ്ഥലത്തിന്റെ വാടകപോലും നൽകാൻ സാധിക്കാതെ യുവാക്കൾ പെരുവഴിയിലാകും. യുവാക്കളിൽനിന്നും അടിച്ചുമാറ്റുന്ന പാസ്പോർട്ടുകൾ ഉപയോഗിച്ച് ഗുഗപ്രിയ വീണ്ടും തട്ടിപ്പുകൾ നടത്തും. മലേഷ്യയിലെ ക്വലാലമ്പൂരിൽ ഗുഗപ്രിയ ”ജി.കെ. ഗ്‌ളോബൽ മാനേജ്മെന്റ്” എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ഒറ്റത്തവണ തട്ടിപ്പു നടത്തുന്നതിനായി തട്ടിക്കൂട്ടുന്നതാണിത്.

വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ തയാറാകാത്ത യുവാക്കൾ ഭക്ഷണത്തിനും താമസത്തിനുമായാണ് ചെറിയ ശമ്പളത്തിൽ ഹോട്ടലുകളിൽ ജോലിചെയ്യാൻ നിർബന്ധിതരാകുന്നത്. എംബസിയുടെ സഹായത്തോടെ നിരവധി യുവാക്കൾ നാട്ടിലേക്കു തിരിച്ചെത്തുന്നുമുണ്ട്. ഗുഗപ്രിയയുടെ ഭർത്താവ് വിജയകുമാർ കംബോഡിയയിലാണ്. തട്ടിപ്പ് ആവശ്യങ്ങൾക്കായി ഇയാൾ ഇടയ്ക്കിടെ മലേഷ്യയിലും കേരളത്തിലും എത്താറുണ്ട്. കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാസ്പോർട്ടാണ് ഇയാളുടേത് എന്നും അറിയുന്നു.