മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകള്‍ സുപ്രീംകോടതിയിലേക്ക്

0
7

ന്യൂഡല്‍ഹി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഫ്ളാറ്റുടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.പൊളിച്ചു നീക്കേണ്ട ഫ്ളാറ്റുകളില്‍ ഇന്ന് ചീഫ് സെക്രട്ടറി സന്ദര്‍ശിക്കാനിരിക്കെയാണ് റിട്ട്ഹര്‍ജിയുമായി ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, കേസില്‍ ഫ്ളാറ്റുടമകളുടെ വാദം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു.

അതേസമയം മരട് ഫ്‌ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്‌ലാറ്റുടമകള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് മരട് നഗരസഭാ അധികൃതരും അറിയിച്ചു.ജില്ലാ കലക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം.

നഗരസഭയുടെ പരിമിതികള്‍ നഗരസഭ അധികൃതര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫ്‌ലാറ്റുകള്‍ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവുമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.