വിമാനം പറത്താനുള്ള യോഗ്യത നേടി ആദിവാസി യുവതി: അനുപ്രിയ നാടിന്റെ അഭിമാനം

0
50

ഭൂവനേശ്വർ: വിമാനങ്ങൾ പറത്താനുള്ള യോഗ്യത നേടി ആദിവാസി യുവതി. അനുപ്രിയ മധുമിത ലക്ര എന്ന യുവതിയാണ് ഒഡിഷയിൽ നിന്ന് വാണിജ്യവിമാനങ്ങൾ പറത്താനുള്ള യോഗ്യത നേടിയത് . മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മാൽക്കൻഗിരിയിൽ നിന്നുള്ള 27 കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ഇൻഡിഗോ എയർലൈൻസിൽ കോ പൈലറ്റായി ചുമതലയേൽക്കും.

മകളുടെ വിജയത്തിന്റെ തിളക്കത്തിൽ അഭിമാനിക്കുന്നുവെന്ന് കുടുംബം പ്രതികരിച്ചു. തങ്ങളുടെ കുടുംബത്തിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവൻ അനുപ്രിയ അഭിമാനമാണെന്ന് പിതാവും പോലീസ് കോൺസ്റ്റബിളുമായ മിരിനിയാസ് ലർക്കയും മാതാവ് ജിമാജ് യാഷ്മിൻ ലക്രയും പറയുന്നു. എല്ലാ പെൺകുട്ടികൾക്കും മകൾ ഒരു പ്രചോദനമാകണമെന്നായിരുന്നു ആഗ്രഹമെന്ന് ജിമാജ് പറഞ്ഞു. ‘അവൾ എന്താണോ സ്വപ്നം കണ്ടത്, അത് അവളായി. എല്ലാ മാതാപിതാക്കളോടും അവരുടെ പെൺമക്കളെ പിന്തുണയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. അവർ കൂട്ടിച്ചേർത്തു.

മാൽക്കൻഗിരിയിൽ തന്നെയായിരുന്നു അനുപ്രിയയുടെ പ്രാഥമിക വിദ്യാഭ്യാസം. 2012-ൽ ഭുവനേശ്വറിലെ എൻജിനീയറിങ് കോളേജ് വിദ്യാഭ്യാസ കാലത്തിനിടയ്ക്കാണ് പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് അനുപ്രിയ എത്തിയത്. തുടർന്ന് എൻജിനീയറിങ് പഠനം ഉപേക്ഷിച്ച് ഭുവനേശ്വറിലെ സർക്കാർ എവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിനു കയറി. ഏഴുവർഷത്തോളം അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും മറ്റുമാണ് അനുപ്രിയ ഈ നേട്ടം കൈവരിച്ചത്.