ആ അഞ്ച് സെഞ്ച്വറികൾ രോഹിത്ത് ശർമ നേടിയത് എങ്ങനെയാണ്, ആഞ്ഞടിച്ച് ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ സൂപ്പർ താരങ്ങളായ രോഹിത്ത് ശർമ്മയും വിരാട് കോഹ്ലിയും ചേരിതിരിഞ്ഞ് പോരാടുകയാണെന്ന ആരോപണങ്ങൾക്കെതിരെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ എന്ത് നടക്കുന്നു എന്ന് തനിയ്ക്കറിയാമെന്നും ശാസ്ത്രി പറയുന്നു.

ഇന്ത്യൻ ടീമിൽ ഐക്യം ഇല്ലായിരുന്നെങ്കിൽ രോഹിത്തിന് ലോക കപ്പിൽ എങ്ങനെ അഞ്ച് സെഞ്ച്വറി നേടാൻ സാധിക്കുമായിരുന്നെന്ന് ചോദിക്കുന്ന ശാസ്ത്രി കോഹ്ലിയെ ഇന്നത്തെ നിലയിലുളള താരമാക്കി വളർത്തിയതിൽ ഡ്രസ്സിംഗ് റൂം അന്തരിക്ഷത്തിന് നിർണായക പങ്കുണ്ടെന്നും വിലയിരുന്നു.

‘ശ്രദ്ധിക്കുക. കഴിഞ്ഞ അഞ്ച് വർഷമായി ഡ്രസ്സിംഗ് റൂമിന് ചുറ്റുമാണ് എന്റെ ജീവിതം. എന്റെ കുട്ടികൾ ജോലിയിൽ പലർത്തുന്ന ധാർമ്മികതയും പരസ്പര ബഹുമാനവും ഞാൻ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഡ്രസ്സിംഗ് റൂമിൽ വിഭാഗീയതയെന്നത് അടിമുടി അസംബന്ധമാണെന്ന് എനിക്ക് പറയാനാകും. അങ്ങനെയുണ്ടായിരുന്നെങ്കിൽ രോഹിത്തിന് ലോക കപ്പിൽ അഞ്ച് സെഞ്ച്വറി നേടാനാകുമായിരുന്നോ? കോഹ്ലി ഇന്നത്തെ നിലയിൽ ആകുമായിരുന്നോ? അവർ തമ്മിൽ കൂട്ടുകെട്ടുകൾ ഉടലെടുക്കുമായിരുന്നോ?’ ശാസ്ത്രി ചോദിക്കുന്നു.

ഡ്രസ്സിംഗ് റൂമിൽ എല്ലാ താരങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇത് അഭിപ്രായ വ്യത്യാസമായി വ്യാഖ്യാനിക്കേണ്ടെന്നും ശാസ്ത്രി കൂട്ടിചേർത്തു.

നേരത്തെ ഇന്ത്യൻ ടീമിൽ രോഹിത്ത് കോഹ്ലി പോര് ഉടലെടുക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് ശാസ്ത്രി പൂർണമായും തള്ളിക്കളയുന്നത്.

error: This article already Published !!