മലയാളസിനിമയുടെ അഭിമാനം “ഫൈനൽസ്”, ഫഖ്റുദ്ധീൻ പന്താവൂർ എഴുതുന്നു

0
12

-ഫഖ്റുദ്ധീൻ പന്താവൂർ

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ച അച്ഛന്റെയും മകളുടെയും അവളെ ഹൃദയത്തോട് ചേർത്തുവെച്ച കാമുകന്റെയും കഥയാണിത്. മുൻകായികതാരവും പരിശീലകനുമായ വർഗീസ് ( സുരാജ് ) സ്വന്തമായൊരു സ്പോർട്സ് അക്കാദമി തുടങ്ങുന്നു.ആദ്യ ചാൻസിൽ തന്നെ അക്കാദമി നാലാം സ്ഥാനത്ത് എത്തുന്നതോടെ സ്പോർട്സ് ഫെഡറേഷൻ ഇയാളെ കള്ളക്കേസിൽ കുടുക്കുന്നു. സ്വന്തം സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ കൈവിട്ടുപോയ വർഗീസ് അതെല്ലാം സാക്ഷാത്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഏകമകൾ ആലീസി(രജീഷ)ലൂടെയാണ്.

2020 ടോക്യോ ഒളിമ്പിക്സിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആലീസ്. അവളുടെ യാത്രയ്ക്ക് കട്ട പിന്തുണയുമായി അയൽവാസിയും സുഹൃത്തുമായ മാനുവലും(നിരഞ്ജ്) പിന്നെ ഒരു നാട് മുഴുവനുമുണ്ട്. മാനുവൽ ആലീസിന്റെ കളിക്കൂട്ടുകാരനാണ്.പ്രണയം ഉള്ളിലൊളിപ്പിച്ചാണ് ആലീസ് സ്വപ്നങ്ങൾ കീഴടക്കുന്നത്.അനുകൂലമായൊരു മറുപടിയും കാത്തിരിപ്പാണ് മാനുവൽ.

വാഗമണ്ണിൽ നടക്കുന്ന കേരള സൈക്ലിങ് ചാമ്പ്യൻഷിപ്പ് മത്സരിക്കാനെത്തുന്ന ആലീസിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറുന്നു.വിജയത്തിലേക്കുള്ള കുതിപ്പിനിടെ കാലിടറിവീണ് നൊമ്പരമായി മാറിയ ഇടുക്കിക്കാരി ഷൈനി ഷൈലസ് എന്ന സൈക്ലിസ്റ്റിന്റെ ഓർമകളിലേക്ക് നമ്മളെ മടക്കിക്കൊണ്ടുപോവുകയാണ് ഫൈനൽസ്.

സംവിധായകൻ പി.ആർ അരുണിനെ സംബന്ധിച്ച് ഒരു ‘സ്റ്റാർട്ടിങ്’ ആയിരുന്നു ഫൈനൽസ്. ആ ഉദ്യമത്തിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചു.മറ്റു സ്പോർട്സ് ചിത്രങ്ങളുടെ മാതൃക ഒട്ടും പിന്തുടരാതെ പുതിയൊരു ആഖ്യാനശൈലിയാണ് ഫൈനൽസിനെ കൂടുതൽ മികവുറ്റതാക്കിയത്.പലപ്പോഴും സംഭാഷണങ്ങൾക്കുപകരം ദൃശ്യങ്ങൾ കഥപറയുകയാണ്.

നമ്മൾ കണ്ടുശീലിച്ചൊരു ഒരു സ്പോർട്സ് ഡ്രാമയുടെ ട്രാക്കിലൂടെയല്ല ഫൈനൽസ് സഞ്ചരിക്കുന്നത്.ശക്തമായ തിരക്കഥയുടെ പിൻബലത്തിലാണ് അരുൺ ഫൈനൽസ് എന്ന സ്വപ്നം
യാഥാർഥ്യമാക്കിയിരിക്കുന്നത്.ഓണക്കാലത്തിറക്കിയ മറ്റേതു ചിത്രങ്ങളേക്കാളും മികച്ചു നിൽക്കാനും ഫൈനൽസിന് കഴിയുന്നുണ്ട്.

ആലീസ് എന്ന സൈക്ലിസ്റ്റിന്റെ ജീവിതം മാത്രമല്ല ഫൈനൽസ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. കായികതാരങ്ങൾക്കൊപ്പം നിൽക്കേണ്ട സ്പോർട്സ് ഫെഡറേഷൻ പോലുള്ളവയുടെ പൊള്ളത്തരങ്ങളിലേയ്ക്കും ആലീസിലൂടെ വിരൽചൂണ്ടുന്നുണ്ട് ചിത്രം. അതുപോലെ പരിശീലകപദവി ലൈംഗിക ചൂഷണങ്ങൾക്കുള്ള മറയാക്കി കൊണ്ടുനടക്കുന്നതും സിനിമ മറയില്ലാതെ വിളിച്ചു പറയുന്നു.ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ അടിച്ചമർത്തി വീണ്ടും ആ സ്ഥാനത്തേക്ക് നുഴഞ്ഞുകയറുന്നവരെയും പ്രതികൂട്ടിലാക്കുന്നുണ്ട് ഫൈനൽസ്.

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ വിജയന്‍ പ്രധാന കഥാപാത്രത്തെ സിനിമയാണിത്.മികച്ച പ്രകടനമാണ് രജീഷയുടേത്. ഒരു സ്പോർട്സ് താരത്തെ നടപ്പിലും ഇരിപ്പിലും നടനത്തിലും ഉൾകൊള്ളാൻ രജീഷക്ക് കഴിഞ്ഞിട്ടുണ്ട്.മലയാള സിനിമാലോകം ആഘോഷിക്കപ്പെടുന്ന പല നടിമാരെക്കാളും മികച്ച അഭിനേത്രിയാണ് താനെന്ന് രജീഷ തെളിയിക്കുന്നു.

സുരാജിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഈ സിനിമയിലെ കഥാപാത്രം വാഴ്ത്തപ്പെടും തീർച്ച.ഒപ്പം മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജന്റെ അഭിനയവും എടുത്തുപറയേണ്ടതാണ്.
ഒരു സൈക്കിളിങ് താരത്തെ കേന്ദ്രീകരിച്ചു കഥ പറയുന്ന ഫൈനൽസിൽ മനോഹരമായൊരു പ്രണയവുമുണ്ട്. സുഖവും നോവുമുള്ളൊരു പ്രണയം.

നവാഗതനായ പി.ആർ. അരുണാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, മണിയൻപിള്ള രാജു, മുത്തുമണി, സോനാ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

സുദീപാണ് ഛായാഗ്രഹണം. ചടുലമായ സൈക്കിളിങ് രംഗങ്ങളും ആകാശ ദൃശ്യങ്ങളുമൊക്കെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

(മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ: 9946025819)