തൃശൂരില്‍ ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു.മാപ്രാണം സ്വദേശി വാലത്ത് രാജന്‍ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.

തിയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. മാപ്രാണം വര്‍ണ തിയേറ്ററിനു സമീപം ഇന്നലെ അര്‍ധ രാത്രിയായിരുന്നു സംഭവം.സിനിമ കാണാന്‍ വരുന്നവര്‍ തൊട്ടടുത്ത വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊല്ലപ്പെട്ട രാജന്റെ വീടും തിയേറ്ററിന് അടുത്താണ്.

ഇന്നലെയും തിയേറ്ററിന് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിനെച്ചൊല്ലി രാജനും തിയേറ്റര്‍ ഉടമകളും തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.ഇതിന്റെ പ്രതികാരമെന്നോണം സിനിമ കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ തിയേറ്റര്‍ ഉടമയും ജീവനക്കാരും രാജന്റ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിയേറ്റര്‍ ഉടമ സഞ്ജയ് രവിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

error: This article already Published !!