രോഹിത് ശർമ്മയല്ല, ആ താരമാണ് അടുത്ത സെവാഗ്: പ്രവചനവുമായി ലക്ഷ്മൺ

ടെസ്റ്റ് കരിയറിൽ ആദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ച്വറി നേടിയ രോഹിത്ത് ശർമ്മയെ അടുത്ത സെവാഗെന്ന് ആരാധകർ വിശേഷിപ്പിക്കുന്നതിനിടെ മറ്റൊരു താരത്തെ സെവാഗുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. മായങ്ക് അഗർവാളിനെയാണ് ലക്ഷ്മൺ അടുത്ത സെവാഗായി വിലയിരുത്തുന്നത്. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ തകർപ്പൻ ഇരട്ട സെഞ്ച്വറി നേടി മായങ്ക് അഗർവാൾ ആരാധക പ്രശംസ നേടിയിരുന്നു.

‘മായങ്ക് മികച്ച ബാറ്റ്സ്മാനാണ്, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നതു പോലെയാണ് വിശാഖപട്ടണം ടെസ്റ്റിലും കളിച്ചത്. സാധാരണയായി ആഭ്യന്തര ക്രിക്കറ്റിലെ ശൈലിയിൽ ചെറിയ മാറ്റം അന്താരാഷ്ട്ര മത്സരങ്ങളിൽ താരങ്ങൾ വരുത്താറുണ്ട്. എന്നാൽ മായങ്ക് ഒരേ ശൈലിയിൽ കളിക്കുന്നു. മായങ്കിന്റെ മനക്കരുത്തും ഭയമില്ലാത്ത കളിയും വീരേന്ദർ സെവാഗിനെ ഓർമ്മിപ്പിക്കുന്നു’ എന്ന് ലക്ഷ്മൺ വിലയിരുത്തുന്നുന്നു.

യുവ ഓപ്പണർ പൃഥ്വി ഷായുടെ പകരക്കാരനായാണ് മായങ്ക് ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്. പരിക്കു കാരണം പൃഥ്വി ടീമിൽ നിന്നും പുറത്തായതോടെ മായങ്കിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുകയായിരുന്നു. 2018 ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നി ടെസ്റ്റിൽ അരങ്ങേറ്റത്തിൽ 51 റൺസുമായി താരം വരവറിയിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ കന്നി ടെസ്റ്റിൽ തന്നെ ഇന്ത്യക്കായി കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോഡും അന്ന് മായങ്ക് തന്റെ പേരിൽ കുറിച്ചിരുന്നു.

ഇതുവരെ അഞ്ചു ടെസ്റ്റുകൾ കളിച്ച മായങ്ക് 55.22 എന്ന മികച്ച ശരാശരിയിൽ 497 റൺസെടുത്തു കഴിഞ്ഞു. 215 റൺസാണ് ഉയർന്ന സ്‌കോർ.

error: This article already Published !!