സ്നേഹം കൂടുമ്പോൾ കടിക്കാൻ തോന്നാറുണ്ടോ? ഇതിന് പിന്നിലെ രഹസ്യമിതാണ്‌

ചിലരെ കണ്ടിട്ടില്ലേ, ഭംഗിയുള്ള കുഞ്ഞുങ്ങളെ കാണുമ്പോള്‍ കടിക്കാന്‍ നോക്കുന്നതും കവിള് പിടിച്ച് ചെറുതായി നുള്ളുന്നതുമെല്ലാം. കുഞ്ഞുങ്ങളോട് മാത്രമല്ല, മുതിര്‍ന്നവരോടും ഇതേ പെരുമാറ്റമെടുക്കുന്നവരുണ്ട്. അച്ഛനമ്മമാരോട്, പങ്കാളിയോട് ഒക്കെ സ്‌നേഹം കൂടുമ്പോള്‍ കടിക്കാന്‍ പാഞ്ഞടുക്കുന്നവര്‍.
വേദനിപ്പിക്കുക, എന്ന ലക്ഷ്യം കൊണ്ടായിരിക്കില്ല, മറിച്ച് അളവിലധികം സ്‌നേഹം വരുമ്പോള്‍ അത് പ്രകടിപ്പിക്കാന്‍ വേണ്ടിയായിരിക്കാം ഇവരത് ചെയ്യുന്നത്. എന്നാല്‍ അതിലുമധികം എന്തെങ്കിലും രഹസ്യം ഈ തോന്നലിന് പിന്നിലുണ്ടോ?

ഉണ്ടെന്നാണ് പുതിയൊരു പഠനം പറയുന്നത്. ‘യേല്‍ യൂണിവേഴ്‌സിറ്റി’യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് രസകരമായ ഈ പഠനത്തിന് പിന്നില്‍. ഏറ്റവും അടുപ്പമുള്ളവരോട്, അല്ലെങ്കില്‍ കുഞ്ഞുങ്ങളോട് അമിതമായി സ്‌നേഹം വരുമ്പോള്‍ കടിക്കാനും, നുള്ളാനുമെല്ലാം തോന്നുന്നതിനെ ‘ക്യൂട്ട് അഗ്രഷന്‍’ എന്നാണത്രേ പറയുക.അതായത്, അളവില്‍ കവിഞ്ഞ് സ്‌നേഹം വരുമ്പോള്‍ ആ വികാരത്തെ ഒന്ന് ‘ബാലന്‍സ്’ ചെയ്യാന്‍ വേണ്ടി നമ്മുടെ ശരീരം തന്നെ കണ്ടെത്തുന്ന ഒരു ‘ബാലന്‍സിംഗ് മെത്തേഡ്’ ആണത്രേ ഈ കടിക്കാന്‍ തോന്നുന്നതിന് പിന്നിലെ രഹസ്യം. കൃത്യമായും ഒരു രാസവ്യതിയാനം ഈ സമയങ്ങളില്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറിന്റെ ഒരു കളിയാണിതെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ പറയുന്നത്. എന്തായാലും ഒട്ടും ‘നെഗറ്റീവ്’ ആയ പ്രവണതയല്ല ഇതെന്നും, വികാരത്തള്ളിച്ചയെ ഒന്ന് വരുതിയിലാക്കാനുളള മാര്‍ഗമായതിനാല്‍ അത്ര പ്രശ്‌നമുള്ള പെരുമാറ്റമായി ഇതിനെ കാണേണ്ടതില്ലെന്നുകൂടി പഠനം ഓര്‍മ്മിപ്പിക്കുന്നു.

അതേസമയം കുഞ്ഞുങ്ങളോട് ഈ പെരുമാറ്റമെടുക്കുമ്പോള്‍ എപ്പോഴും സാമൂഹികമായ പരിസരങ്ങളെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അടുപ്പമുള്ള കുഞ്ഞാണോ, അതിന്റെ മാതാപിതാക്കള്‍ക്കും കുഞ്ഞിനും തന്നെ അത് എന്തെങ്കിലും വിഷമമുണ്ടാക്കുമോ എന്നിങ്ങനെയുള്ള ചില ഘടകങ്ങളെല്ലാം എപ്പോഴും ഓര്‍ക്കുന്നത് ആരോഗ്യകരമായ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളാണ്.

error: This article already Published !!