സഞ്ജു സാംസണെ ഒഴിവാക്കാൻ രോഹിത്ത് ശർമ്മയുടെ ‘ഗുഢതന്ത്രം’, ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം

0
16

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവൻ കണ്ടപ്പോൾ മലയാളി ആരാധകരെല്ലാം തന്നെ നിരാശരായി. അവരുടെ സൂപ്പർ താരം സഞ്ജു വി സാംസണെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ നിരാശരാക്കിയത്. യുവതാരം ശിവം ദുബെയ്ക്ക് അരങ്ങേറാൻ രോഹിത്ത് ശർമ്മ അവസരം നൽകിയപ്പോഴാണ് ഏറെ നാളായി ടീം ഇന്ത്യയുടെ പടിവാതിലിൽ നിൽക്കുന്ന സഞ്ജുവിനെ തഴഞ്ഞത്.

ഇന്ത്യൻ ടീമിനായി മോശം പ്രകടനം കാഴ്ച്ചവെക്കുന്ന കെഎൽ രാഹുലിനേയും രോഹിത്ത് ആദ്യ ഇലവിൽ ഉൾപ്പെടുത്തി. ദുബൈ ഉൾപ്പെടെ മൂന്ന് ഓൾറൗണ്ടർമാരെ കൂടി ടീമിലേക്ക് പരിഗണിച്ചതോടെ സഞ്ജു പുറത്തായി. ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ എ്നിവരായിരുന്നു മറ്റ് ഓൾറൗണ്ടർമാർ.
എന്നാൽ രോഹിത്തിന്റെ പ്രതീക്ഷയെല്ലാം തെറ്റുന്നതായിരുന്നു കളിക്കളത്തിൽ താരങ്ങളുടെ പ്രകടനം. രാഹുൽ സ്‌കോർ ചെയ്തത് 17 പന്തിൽ വെറും 15 റൺസ്. ദുബെ ആകട്ടെ നാല് പന്തിൽ ഒരു റൺസുമെടുത്തും മടങ്ങി.

സഞ്ജുവിനെ തഴഞ്ഞ് ശിവം ദുബെയെ വരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയ മാനേജ്‌മെന്റിന്റെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെ ടീം മാനേജ്‌മെന്റിന്റേയും ബിസിസിഐയ്ക്കും പൊങ്കാലയിടുകയാണ് സഞ്ജു ആരാധകർ. സഞ്ജുവിന് ഒരവസരം അടുത്ത മത്സരങ്ങളിലെങ്കിലും നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.

2014ൽ ഇംഗ്ലണ്ടിനെതിരായ ടീമിലേക്കായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. അന്ന് ഒരു മത്സരത്തിൽ പോലും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല. അതേ വർഷം തന്നെ സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിലെ ഒരു കളിയിൽ സഞ്ജുവിനെ കളിപ്പിച്ചു. പക്ഷേ, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായത്തിൽ രണ്ടാമതൊരു വട്ടം ഇറങ്ങാൻ നാല് വർഷം പിന്നിടുമ്പോഴും സഞ്ജുവിനായില്ല.