രോഹിത്ത് ശർമ്മയുടെ പകയിൽ എരിഞ്ഞടങ്ങി സഞ്ജു വി സാംസൺ, ഇനി ഭാവിയെന്ത്?

0
32

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇടംപിടിച്ച മലയാളി താരം സഞ്ജു സാംസണെ പരമ്പര മുഴുവന്‍ പുറത്തിരുത്തി രോഹിത്തിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ‘മാതൃകയായപ്പോള്‍’ ഉയരുന്നത് ഒരുപിടി മുന കൂര്‍ത്ത ചോദ്യങ്ങള്‍. ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സെലക്ടര്‍മാരും മാനേജുമെന്റും അതീവ സൂക്ഷ്മത പുലര്‍ത്തുന്നുവെന്ന അവകാശവാദത്തിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടിയാണ് സഞ്ജുവിന് നേരിട്ട അപമാനം.
അന്താരാഷ്ട്ര കരിയറില്‍ നിരന്തര അവസരം ലഭിച്ചിട്ടും ആത്മവിശ്വാസം നഷ്ടപ്പെട്ടവനെ പോലെ ബാറ്റേന്തുന്ന റിഷഭ് പന്ത് ബംഗ്ലാദേശിനെതിരേയും മുഴുവന്‍ കളിയിലും കളിത്തിലിറങ്ങി. എന്നാല്‍ സഞ്ജുവിനെ പേരിന് പോലും ഒരു മത്സരം കളിപ്പിക്കാന്‍ രോഹിത്തിന്റെ നേതൃത്വത്തിലുളള ടീം ഇന്ത്യ തയ്യാറായില്ല. ഇതോടെ രോഹിത്തിനും ടീം ഇന്ത്യയക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് സഞ്ജുവിനെ സ്‌നേഹിക്കുന്നവര്‍.

സഞ്ജു മലയാളി ആയതിനാലാണോ ടീം ഇന്ത്യയില്‍ അവസരം നല്‍കാത്തതെന്നാണ് ഒരുവിഭാഗം ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കുന്ന മുംബൈ, ബംഗളൂരു, ഡല്‍ഹി ലോബി ഒരു മലയാളി താരത്തെ അംഗീകരിക്കില്ലെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. സഞ്ജു സിംഗ് എന്നോ സഞ്ജു ശര്‍മ്മ എന്നോ ആയിരുന്നെങ്കില്‍ മലയാളി താരം എന്നോ ടീം ഇന്ത്യയില്‍ എത്തിയേനെയെന്ന് ഇവര്‍ വാദിക്കുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയത്. അവഗണിക്കാന്‍ ഇനിയൊരു വഴിയുമില്ലെന്ന് കണ്ടാണ് സെലക്ടര്‍മാര്‍ മനസ്സില്ലാമനസ്സോടെ സഞ്ജുവിനെ ടീം ഇന്ത്യയിലേക്ക് പരിഗണിച്ചത്. വേണമെങ്കില്‍ സഞ്ജു ടീം ഇന്ത്യയില്‍ സ്ഥാനം പിടിച്ചു വാങ്ങിയെന്ന പറയാം.

വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ സഞ്ജു നേടിയ 212 റണ്ണുകള്‍ ആ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയുടെ എ ടീമിനെ സഞ്ജു തിരുവനന്തപുരത്തു വെച്ച് തല്ലിച്ചതച്ചിരുന്നു. കഴിഞ്ഞുപോയ ഐ.പി.എല്ലില്‍ രാജസ്ഥാനുവേണ്ടിയും സഞ്ജു തിളങ്ങിയിരുന്നു. എന്നാല്‍ കളത്തിലിറക്കാതെ സഞ്ജുവിനെ നായകന്‍ രോഹിത്തും ടീം മാനേജുമെന്റും തോല്‍പിച്ചു. വിരാട് കോഹ്ലി തിരികെ വരുമ്പോഴും സഞ്ജു സാംസണ്‍ ടീമില്‍ തുടരണമെങ്കില്‍ റിഷഭ് പന്തോ ശിഖര്‍ ധവാനോ ശിവം ദുബെയോ പുറത്തുപോകണം. എന്തായാലും കാര്യവട്ടം ട്വന്റി20 അടങ്ങുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയിലും സഞ്ജു ടീമില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.