സുപ്രീം കോടതിയിൽ ദിലീപിന് തിരിച്ചടി, ദൃശ്യങ്ങളുടെ പകർപ്പ് ലഭിക്കില്ല, വേണമെങ്കിൽ കാണാം

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിനു ലഭിക്കില്ല. പക്ഷേ ദൃശ്യങ്ങൾ കാണാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസുമാരായ എഎം ഖൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ദിലീപിന്റെ ഹരജിയിൽ വെള്ളിയാഴ്ച രാവിലെ വിധി പ്രസ്താവിച്ചത്.

ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണു കോടതി വിധിച്ചത്.
പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാർഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹരജി സമർപ്പിച്ചത്. ഈയാവശ്യത്തെ സംസ്ഥാന സർക്കാരും നടിയും കോടതിയിൽ എതിർത്തു.

മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാൽ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമർപ്പിച്ച ഹരജിയിൽ നേരത്തെ വാദം കേൾക്കൽ പൂർത്തിയായിരുന്നു.

വാട്ടർമാർക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. മെമ്മറി കാർഡിലെ ഉള്ളടക്കം രേഖയാണെങ്കിലും ദൃശ്യങ്ങൾ നൽകരുതെന്നായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. ഇതിന് പുറമെ ഹരജിയെ എതിർത്ത് നടിയും കോടതിയെ സമീപിച്ചിരുന്നു.

കാർഡിലെ ഉള്ളടക്കം അനുവദിക്കുന്നത് തന്റെ സ്വകാര്യതക്ക് മേലുള്ള കൈയേറ്റമാണെന്ന് കാണിച്ചാണ് നടി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയെന്ന നിലയിൽ ദൃശ്യങ്ങൾ കാണണമെങ്കിൽ വിചാരണക്കോടതിയുടെ അനുമതിയോടെ കാണാവുന്നതേയുള്ളൂവെന്നും നടി രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു.

error: This article already Published !!