സുന്ദരിയായ വനിതാ എസ്‌ഐ കെട്ടാൻ ഒളിവിൽ നടന്ന കൊടുംകുറ്റവാളിക്ക് മോഹം; പെണ്ണുകാണൽ ചടങ്ങിൽ കിട്ടിയത് എട്ടിന്റെ പണി

ഭോപാൽ: നിരവധി കൊലപാതക കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിക്കു വനിതാ പൊലീസ് എസ്‌ഐയെ വിവാഹം കഴിക്കാൻ മോഹം. വിവാഹത്തിനു മുൻപുള്ള കൂടിക്കാഴ്ച പ്രതിയെ ജയിലിലുമെത്തിച്ചു. പലവട്ടം പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട ബാൽകിഷൻ ചൗബെയെയാണ് ഒടുവിൽ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

മധ്യപ്രദേശിലെ ഛത്തർപുർ പൊലീസാണ് വ്യത്യസ്തമായ രീതിയിൽ കുറ്റവാളിയെ പിടിച്ചത്. പതിനഞ്ചോളം കൊലപാതക കേസുകളിലും മധ്യപ്രദേശ്ഉത്തർപ്രദേശ് അതിർത്തിയിലെ നിരവധി മോഷണക്കേസുകളിലും പ്രതിയാണ് ചൗബെ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഛത്തർപുർ നൗഗാവ് പൊലീസ് സ്റ്റേഷനിൽ നിയമിതയായ വനിത എസ്‌ഐ മാധ്വി അഗ്‌നിഹോത്രി പ്രതിയെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു.

അപകടകാരിയായ ചൗബെയെ കീഴടക്കുക അത്ര എളുപ്പമായിരുന്നില്ല. എപ്പോഴും ഇയാളുടെ കയ്യിൽ ആയുധവും കാണും. പക്ഷേ ഫെയ്‌സ്ബുക്കിൽ സജീവമായിരുന്ന ചൗബെയെ തിരിച്ചറിയാനും ബന്ധപ്പെടാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചൗബെയ്ക്ക് സ്ത്രീകളോടുള്ള താൽപര്യം മനസിലാക്കിയ മാധ്വി ആ വഴിക്ക് മുന്നോട്ടുപോകാൻ തീരുമാനിച്ചു.

പൊലീസ് അധികൃതരുടെ സഹായത്തോടെ മാധ്വി ചൗബെയുടെ ഫെയ്‌സ്ബുക് നിരീക്ഷിക്കാൻ തുടങ്ങി. രാധ ലോധി എന്ന പേരിൽ ചൗബെയുമായി സംഭാഷണവും ആരംഭിച്ചു. ഛത്തർപുർ സ്വദേശിയാണെന്നും ഡൽഹിയിലാണ് ജോലിയെന്നുമാണു ചൗബെയോട് പറഞ്ഞത്. മൂന്നു ദിവസം സംസാരിച്ചപ്പോഴേക്കും ചൗബെ വിവാഹാഭ്യർഥന നടത്തി.

വിവാഹത്തിന് മുൻപു നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം ഛത്തർപുറിൽ എത്തുമെന്ന് മാധ്വി ചൗബെയോട് പറഞ്ഞു. യുപിമധ്യപ്രദേശ് അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ചു കാണാമെന്നു തീരുമാനിച്ചു. കൃത്യമായ മുന്നൊരുക്കത്തോടു കൂടിയാണ് പൊലീസ് ക്ഷേത്രത്തിലെത്തിയത്.

സാധാരണ വേഷം ധരിച്ച ആയുധധാരികളായ പൊലീസുകാരെ ക്ഷേത്രത്തിനു സമീപം വിന്യസിച്ചു. മാധ്വിയുടെ ബന്ധുക്കളെന്ന വ്യാജേന ആയുധധാരികളായ പൊലീസും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ ചൗബെ മാധ്വിയുെട അടുത്തേക്കു വരാൻ തുടങ്ങിയപ്പോൾ പൊലീസ് കീഴടക്കുകയായിരുന്നു. എന്താണു സംഭവിക്കുന്നതെന്നു ചൗബെയ്ക്ക് മനസിലായില്ല.

സ്തംഭിച്ചു നിന്ന ഇയാളുടെ അടുത്തെത്തിയ മാധ്വി ‘രാധ എത്തി’ എന്നു പറഞ്ഞപ്പോഴാണ് കുടുങ്ങിയ കാര്യം മനസിലായത്. ചൗബെയുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് പിടിച്ചെടുത്തു. മികച്ച അത്ലിറ്റ് കൂടിയായ ഇരുപത്തിയെട്ടുകാരി മാധ്വി ദേശീയ സർവകലാശാല മത്സരങ്ങളിൽ 100 മീറ്ററിലും ഷോട്ട്പുട്ടിലും ജേതാവാണ്.

error: This article already Published !!