മോനിഷ മരിക്കുന്നതിനു തൊട്ടുമുൻപ് തന്നോട് സംസാരിച്ച കാര്യങ്ങൾ വെളിപ്പെടുത്തി നടൻ വിനീത്

മലയാളചലച്ചിത്ര ലോകത്തിന് നികത്താനാകാത്തതായിരുന്നു ഒരു യാത്ര ഉണ്ടാക്കിയ ദുരന്തം എന്ന് നടൻ വിനീത് പറയുന്നു. നടി മോനിഷയും വിനീതും എവഗ്രീൻ ജോഡികളായിരുന്നു.

നഖക്ഷതങ്ങൾ, അധിപൻ, ആര്യൻ, പെരുന്തച്ചൻ, കമലദളം എന്നീ സിനിമകളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തത്.
ഇരുവരും ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോനിഷ മരിക്കുന്നതിനുമുൻപ് തമ്മിൽ കണ്ട് സംസാരിച്ചതിനെക്കുറിച്ചാണ് വിനീത് പറയുന്നത്.

എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്നയാളായിരുന്നു മോനിഷ. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു. ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മോനിഷയ്ക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു.

മോനിഷയുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. കോഴിക്കോടാണ് മോനിഷയുടെ ജന്മദേശം. മരിക്കുന്നതിന് രണ്ടുദിവസം മുമ്ബ് ഞങ്ങൾ കണ്ടിരുന്നു.ഞാനും ശ്രീവിദ്യാമ്മയും മദ്രാസിൽ നിന്ന് ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബെംഗളൂരുവിൽ നിന്ന് മോനിഷയും അമ്മ ശ്രീദേവി ആന്റിയും കയറി.

ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചത് മുഴുവൻ ലാലേട്ടന്റെ ഗൾഫ് ഷോയിലെ തമാശയെ കുറിച്ചായിരുന്നു. ഞാൻ തിരുവനന്തപുരത്ത് ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്. ഹോട്ടൽ പങ്കജിലായിരുന്നു ഞങ്ങളുടെ താമസം. അന്ന് ചമ്ബക്കുളം തച്ചൻ സൂപ്പർ ഹിറ്റായി ഓടുന്ന സമയം.

ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി. ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ആ ദുരന്തം. മോനിഷയുടെ ഓർമകൾക്ക് 27 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വിനീത് പറയുന്നു.

error: This article already Published !!