പീഡനത്തിനിരയാകുന്ന പെൺകുട്ടികളുടെ ഭയത്തിന്റെ ചോര പടർന്ന ചോല: ഫഖ്റുദ്ധീൻ പന്താവൂർ എഴുതുന്നു

രാജ്യത്തിനകത്തും പുറത്തും നിരവധി ചലച്ചിത്രമേളകളിൽ കൈയടി നേടിയ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. മൂന്നേ മൂന്ന് കഥാപാത്രങ്ങളിലൂടെ 2 മണിക്കൂർ പറഞ്ഞുപോകുന്ന ഈ സിനിമയുടെ ഹൈലൈറ്റ് ജോജുവിന്റെയും നിമിഷയുടെയും അസാധ്യ അഭിനയമികവ് തന്നെ. ( കഴിഞ്ഞ തവണത്തെ സംസ്ഥാന അവാർഡ് നേടിയതും വെറുതെയല്ല)
ഭയം, വെറുപ്പ്, കാമം, നിസ്സഹായത എന്നിവയെല്ലാം മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിൽ എത്രകണ്ടു മാറ്റം വരുത്തുമെന്നതിന്റെയും അവനെ എത്രത്തോളം അധഃപതിപ്പിക്കും എന്നതിന്റെയും നേർകാഴ്ചയാണ് ഈ ചിത്രം. ബലാൽസംഗം നിത്യസംഭവമായി മാറിയ ഇന്ത്യയിൽ ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു.

ഒരു മലയോര ഗ്രാമത്തിലെ ജാനു എന്ന പെൺകുട്ടി കാമുകനൊപ്പം ഒരു ദിവസം ചെലവഴിക്കാൻ പട്ടണത്തിലേക്കു യാത്ര ചെയ്യുന്നിടത്താണ് സിനിമയുടെ തുടക്കം.ആ ഗ്രാമത്തിനൊരു പേരൊന്നുമില്ല.കാരണം നമ്മുടെ രാജ്യത്തെ ഏതു നാടിന്റെ പേരും നമുക്ക് ചേർക്കാം. അവൾ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ. കാമുകനൊപ്പം ആശാൻ ( ജോജു) എന്നൊരു അപരിചിതൻ ഡ്രൈവറായി ഉണ്ടായിരുന്നു.

പെൺകുട്ടിക്ക് അന്യർക്കൊപ്പം സഞ്ചരിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന അരക്ഷിതബോധം നിമിഷയുടെ കണ്ണുകളിലുടനീളം നിഴലിക്കുന്നുണ്ട്. കാമുകനൊപ്പം തനിക്കു പരിചിതമല്ലാത്ത മുഖം കണ്ട മാത്രയിൽ ജീപ്പിൽ കയറാൻ അവൾ ആദ്യമേ വിസ്സമ്മതിക്കുന്നുണ്ട്. അപ്പോൾ അവൾക്ക് ധൈര്യം കൊടുക്കുന്നത് കാമുകനാണ് ( സിനിമയിൽ അയാൾക്കൊരു പേരില്ല.എല്ലാ കാമുകന്മാർക്കും ഒരുപേരെയുള്ളൂ.. കാമുകൻ അത്രമാത്രം) ആശാനെ അയാൾക്ക് അത്രമേൽ വിശ്വാസമായിരുന്നു.

ഒടുവിൽ കാമുകന്റെ നിർബന്ധത്തിനു വഴങ്ങി അവൾ കയറുന്നു. മൂവരും ചേർന്ന് നാടുവിടുന്നു. ജാനു ജീപ്പിൽ കയറുന്നതുമുതൽ പ്രേക്ഷകരുടെ ഉള്ളിലും ഭയം വർധിക്കും. ആശാൻ ( ജോജു ) എന്ന കഥാപാത്രത്തിനും പേരില്ല. അയാളുടെ നോട്ടവും ഭാവവും ക്രൂരതയുടെ കൗശലം ഒളിപ്പിച്ചതാണ്. ജാനുവിൽ വിശ്വാസം നിലനിർത്താൻ കാമുകൻ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ആശാനെ ഭയന്ന് ബസിൽ പോകാൻ ജാനു പറയുന്നുണ്ട്. കാടിന്റെ പച്ചപ്പും ചോലയും കടന്ന് അവർ ലുലു മാളും ബീച്ചും കറങ്ങി തിരികെ പോകാനൊരുങ്ങുന്നു.അതോടെ ആശാൻ അവരുടെ അവരുടെ ജീവിതത്തിലേക്ക് കടന്നു കയറുന്നു. അവളെ തന്ത്രപൂർവ്വം വേശ്യകൾക്ക് മാത്രമായുള്ള ലോഡ്ജിലെത്തിക്കുന്നതിൽ ആശാൻ വിജയിക്കുന്നുണ്ട്. ആശാനെ അത്രമേൽ വിശ്വസിച്ച കാമുകൻ തീർത്തും നിസ്സഹായനായിരുന്നു.കാമുകിയെ വിശ്വസിപ്പിക്കാൻ പെടാപാട് പെടുന്ന കാമുകനോട് പുച്ഛം മാത്രമാണ് ആശാനുള്ളത്.

അവർ ചെന്നു പെടുന്ന നിസ്സഹായ സാഹചര്യങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. കൃത്യമായ തീരുമാനം എടുക്കാനോ ഉറച്ച നിലപാടിൽ നിൽക്കാണോ പ്രായമായിട്ടില്ലാത്ത അവർ ജീവിതത്തിൽ ആദ്യമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ ദ എങ്ങനെ നേരിടുന്നുവെന്നതാണ് ചിത്രം സംവദിക്കുന്നത്.

സംവിധാനം,‌ ക്യാമറ, സംഗീതം എന്നിവ ഒരു പോലെ സിനിമയുടെ വിജയഘടകമായിട്ടുണ്ട്.അജിത് ആചാര്യയുടെ
മനോഹരമായ ഛായാഗ്രഹണമാണ് സിനിമയുടെ ഹൈലൈറ്റ്. കാടിന്റെ പച്ചപ്പും ഭീകരതയും കോടമഞ്ഞുമെല്ലാം സിനിമയുടെ കഥാപരിസരത്തിനിണങ്ങുന്ന രീതിയിൽ ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വാണിജ്യസിനിമയുടെ ഘടകമായ ക്ലോസപ്പ് ഷോട്ടുകൾ ഇല്ലാത്തത് പലപ്പോഴും കല്ലുകടിയായി സാധാരണ പ്രേക്ഷകന് അനുഭവപ്പെടും. സംഗീതം നൽകിയിരിക്കുന്നത് റഷ്യക്കാരനായ കെര്‍മിസിനോവാണ്.വാണിജ്യ സിനിമ എന്നതിനേക്കാൾ കലാമൂല്യമുള്ള ചിത്രമാണ് എന്നതിനാൽ ഇഴച്ചിൽ ഒരു കല്ലുകടിയായി അനുഭവപ്പെടില്ല.

ജോജുവിന്റെയും നിമിഷയുടെയും അസാധ്യപ്രകടനമാണ് സിനിമയുടെ മുഖ്യഘടകം.വില്ലൻ കഥാപാത്രമായി ജോജു ഓരോ പ്രേക്ഷകനുള്ളിലും വെറുക്കപ്പെട്ടവനായി മാറുന്നത് ആ കഥാപാത്രത്തിന്റെ വിജയമാണ്. അഖിൽ വിശ്വനാഥ് എന്ന കാമുകനും എടുത്തുപറയേണ്ട പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. ജോജു എന്ന നടന്റെതാകും മലയാളസിനിമയെന്ന് വരുംകാലം തെളിയിക്കും തീർച്ച.

(മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ. 9946025819)

error: This article already Published !!