പഠിക്കാൻ പ്രായം ഒരു തടസ്സമേയല്ല; 61 വയസിൽ നീറ്റ് പരീക്ഷയെഴുതി ഡോക്ടറാകാൻ പഠിക്കുന്ന മുരളിധരൻ വിസ്മയമാവുന്നു

-ഫഖ്റുദ്ധീൻ പന്താവൂർ

സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്. നോക്കൂ മുരളിധരന്റെ വിജയവും ഇത്തരത്തിൽ തളരാത്ത മനസിന്റെ ജ്വലിക്കുന്ന അടയാളമാണ്.

ആഗ്രഹങ്ങളെ ഒരു പ്രായത്തിനും തോൽപ്പിക്കാൻ കഴിയാത്തവിധമാണ് നമ്മുടെ ജീവിതമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കും.ഇത്തരത്തിൽ അത്ഭുതങ്ങൾ നിറഞ്ഞതാണ് കൽപ്പറ്റ എമിലി സ്വദേശിയായ മുരളീധരന്റെ ജീവിതം.
61 വയസുള്ള മുരളിധരന് ഒരു മോഹമുണ്ടായി.വയസുകാലത്ത് തോന്നിയൊരു ഭ്രാന്തൻ മോഹമല്ലായിരുന്നു അത്. ആലോജിച്ചുറച്ചൊരു സ്വപ്നം. ഒരു ഡോക്ടറാവണം. ഈ പ്രായത്തിൽ അതൊക്കെ നടക്കുമോ നടക്കും എന്നാണ് മുരളീധരന്റെ മനസ് മന്ത്രിച്ചത്.അത് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

എങ്ങനെ എഴുതും?ആദ്യം നീറ്റ് എന്ന എൻട്രൻസ് പരീക്ഷ എഴുതണം.കോച്ചിംഗ് സെന്ററിലേക്കൊന്നും പോയില്ല.അല്ലെങ്കിലും ഈ വയസുകാലത്ത് കൊച്ചു പിള്ളേരുടെ പ്രായത്തിലുള്ളവർക്കൊപ്പമൊക്കെ ഇരുന്ന് പഠിക്കാൻ സമ്മതിച്ചില്ലങ്കിലോ എന്നൊരു ആശങ്കയായിരുന്നു കൂടുതൽ.അങ്ങനെ ഇന്റർനെറ്റ് നോക്കി പരീക്ഷക്കുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തി.മൂന്ന് പതിറ്റാണ്ട് ബാങ്ക് ഉദ്ധ്യോഗസ്ഥനായി ജീവിച്ചൊരു മനുഷ്യനാണ്. റിട്ടേർഡ് ആയതിനുശേഷമാണ് ഡോക്ടാവണമെന്ന ഭ്രാന്തൻ മോഹം വീണ്ടും പൊടിതട്ടിയെടുത്ത് അടിമുടിയാകെ പടരാൻ വിട്ടത്.

25 വയസ്സിന് മുകളിലുള്ളവർക്കും നീറ്റ് പരീക്ഷ എഴുതാമെന്ന സുപ്രീംകോടതി വിധിയുടെ കരുത്തിലാണ് മുരളിധരൻ അറുപത്തിയൊന്നാം വയസ്സിലും നീറ്റ് പരീക്ഷ എഴുതിയത്.2O18ലായിരുന്നു അത്.പൊതുവിഭാഗത്തിൽ 46.626 പെർസെന്റേൽ സ്കോറാണ് ലഭിച്ചത്. പക്ഷെ ഡൽഹി ഹൈക്കോടതി വിധിയുടെ രൂപത്തിൽ മുരളിധരന്റെ സ്വപ്നങ്ങളെല്ലാം തകർത്തുകളഞ്ഞു.പരീക്ഷാഫലം തടയുന്നതായിരുന്നു വിധി. എന്തായാലും അങ്ങനെ തോറ്റ് കൊടുക്കാനൊന്നും മുരളീധരൻ തയ്യാറായില്ല. കാരണം ഡോക്ടറാവണമെന്നും അതിനായി പഠിക്കണമെന്നും മനസ്സിലുറപ്പിച്ചിരുന്നു. ഒരു കോടതിവിധിക്കും അതിനെ തകർക്കാനാവില്ലല്ലോ.. ഒരു കാര്യമങ്ങ് തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അനുകൂലഘടകങ്ങളൊക്കെ പിന്നാലെ വന്നുകൊള്ളും. എന്തായാലും മുരളിധരൻ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു.

വീണ്ടും നീറ്റ് പരീക്ഷ എഴുതി ഈ വർഷത്തിൽ.ചെന്നെയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു എൻട്രൻസ് പരീക്ഷ. എൻട്രൻസ് പരീക്ഷ എഴുതാൻപോയ മുരളീധരനെ രക്ഷിതാവെന്ന് കരുതി മുറിക്കകത്തേക്ക് വിട്ടില്ല സെക്യൂരിറ്റിക്കാരൻ.18 വയസുള്ള 61 കാരനെ അവർക്കാർക്കും അത്രപെട്ടെന്ന് തിരിച്ചറിയാനായില്ല.കൂടെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുമൊരു കൗതുകം. ഈ പ്രായത്തിലും മെഡിക്കൽ എൻട്രൻസ് പരീക്ഷയോ എന്നർത്ഥത്തിൽ പലരുടെയും കണ്ണുകളിലെ കൗതുകം മുരളീധരന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

ഇത്തവണ വിജയം മുരളീധരനൊപ്പമായിരുന്നു.വിജയംപോലും തോറ്റു പോയി മുരളിധരന്റെ ഇച്ഛാശക്തിക്ക് മുന്നിലെന്ന് പറയുന്നതാകും ശരി.ഇത്തവണ കട്ടോഫ് മാർക്ക് കുറച്ചതിനാൽ ബിഡിഎസിന് അപേക്ഷിക്കാനും യോഗ്യത നേടി. തന്റെ സ്വപ്നങ്ങളിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു മുരളിധരൻ. അത്ഭുതപ്പെട്ടും നിരൂത്സാഹപ്പെടുത്തിയും കളിയാക്കിയും മാറ്റി നിർത്തിയവരൊക്കെ മുരളിധരനിലെ വിജയിയെ അംഗീകരിക്കാനും അഭിനന്ദിക്കാനും തുടങ്ങി.

കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേരാനുള്ള മാർക്ക് മുരളിധരന് ലഭിച്ചില്ലായിരുന്നു.അതിന്റെയൊരു നിരാശ അയാളിലുണ്ട്. എന്നാലും ബി ഡി എസിനും, ബിഎച്ച് എം എസിനും അപേക്ഷിക്കാൻ കഴിയും. മുരളീധരന് സമാധാനമായി.അങ്ങനെ വെറ്റിനറി സയൻസിന് പൂക്കോട്, മണ്ണുത്തി കോളേജുകളിൽ അപേക്ഷ നൽകി.പക്ഷെ കിട്ടിയില്ല, പല്ല് ഡോക്ടാറാവം. അതും ഒരു ഡോക്ടറാണല്ലോ… അതു വേണ്ടന്ന് മുരളിധരന്റെ മനസ് മന്ത്രിച്ചു.. അതിനാണോ ഈ വയസുകാലത്ത് പഠിച്ച് മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായത്.അതും ഒരു കോച്ചിങ്ങ് സെന്ററിലും പോകാതെ.

അങ്ങനെയാണ് കോഴിക്കോടുള്ള അബ്ദുൽ റസാഖിനെ പരിചയപ്പെടുന്നത്.ആള് ചാവക്കാട്ടുകാരനാണ്. വർഷങ്ങളായി കോഴിക്കോടാണ് താമസം. വിദേശരാജ്യങ്ങളിൽ പോയി എംബിബിഎസ് പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കലാണ് ജോലി. അങ്ങനെ മുരളീധരൻ യൂറോപ്പിൽപോയി എംബിബിഎസ് പഠിക്കാൻ തീരുമാനിച്ചു. ഇവിടെ സീറ്റ് കിട്ടാത്ത പലരും ഇത്തരത്തിൽ ഡോക്ടറാവാൻ യൂറോപ്പിലേക്ക് പറക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ആദ്യ 100 ആശുപത്രികളിൽ ഏതെങ്കിലുമൊന്നിലായിരിക്കും പഠനം.ഇന്ത്യയിലെ ഒരു ആശുപത്രിയും ആ ലിസ്റ്റിൽ വരില്ലെന്ന് മറ്റൊരു സത്യം.

നവംബർ അവസാനവാരമാണ് മുരളിധരൻ യൂറോപ്പിലേക്ക് പറക്കാനായി ഡൽഹിയിലെത്തിയത്. യാത്രയുടെ നടപടിക്രമങ്ങളും കോളേജിലെ അഡ്മിഷനും ശരിയായാൽ ഉസ്ബക്കിസ്ഥാനിലേക്ക് പറക്കും.അവിടുത്തെ ആശുപത്രികളിലൊന്നിലാണ് പഠനം.അഞ്ചു കൊല്ലം കഴിഞ്ഞാൽ ഒരു ഡോക്ടറായി നാട്ടിലേക്ക്.
ഇനിയൊരിക്കൽകൂടി നീറ്റ് പരീക്ഷയെഴുതി ഉയർന്ന മാർക്ക് നേടി നാട്ടിലെ ഏതെങ്കിലും മെഡിക്കൽകോളേജുകളിൽ പഠിക്കണമെന്ന് വിജാരിച്ചാൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളുമുണ്ട്.കാരണം കോടതി നൽകിയ ആനുകൂല്യം അടുത്തവർഷം ലഭിക്കണമെന്നില്ല, അതുതന്നെ.

രാജ്യത്ത് തന്നെ ഇത്രയും പ്രായം കൂടി നീറ്റ് വിദ്യാർത്ഥി മറ്റൊരാളില്ലെന്ന് രേഖകൾ പറയുന്നു.കാരണം ഒരിക്കൽ നീറ്റ് പരീക്ഷയ്ക്കുപോയപ്പോൾ പ്രായംകൂടിപ്പോയെന്ന് പറഞ്ഞ് കോടതി തഴഞൊരു മനുഷ്യനാണ്.നിയമപ്പോരാട്ടത്തിലൂടെ കോടതിവിധി സമ്പാദിച്ച് വീണ്ടും എഴുതിയൊരാളാണ്. ഇനിയൊരവസരം ലഭിക്കില്ലെന്ന് തീർച്ചയാണ്.അതാണ് മുരളീധരനെ ഡോക്ടറാവാൻ പഠിക്കാൻ യൂറോപ്പിനെ തെരഞ്ഞെടുക്കാൻ കാരണം.

36 വർഷം എസ്ബിഐ ബാങ്കിൽ ജോലി ചെയ്ത് 2018 സെപ്തംബറിൽ റിട്ടേർഡായപ്പോൾ തോന്നിയൊരു കിറുക്കല്ല ഈ ഡോക്ടർ പഠനം.കോഴിക്കോടുള്ള കുട്ടിക്കാലത്തെ ജീവിതത്തിൽ തന്നെ കയറിയൊരു മോഹമായിരുന്നു അത്.വാടകവീട്ടിലായിരുന്നു അക്കാലത്ത്. അച്ഛൻ ഒ മാധവൻ നായരും അമ്മ രാധാഭായും അധ്യാപകരായിരുന്നു. മൂത്തമകനായ മുരളീധരൻ ഡോക്ടറാവാൻ പത്താം വയസിലെ തീരുമാനിച്ചുറപ്പിച്ചതാ.. 1978 ൽ ഒന്ന് ശ്രമിക്കുകയും ചെയ്തു.10 മാർക്കിന്റെ കുറവിൽ അന്ന് കിട്ടാതെപോയി. കുടുംബത്തെ പ്രാരാബ്ദങ്ങൾ മൂത്തമകന്റെ തലയിലാണല്ലോ.. അങ്ങനെയാണ് ആഗ്രഹങ്ങൾക്ക് സുല്ലിട്ട് ബാങ്ക് ജോലിയിലേക്ക് തിരിഞ്ഞത്. എങ്കിലും ഡോക്ടറാവണമെന്ന ആ സ്വപ്നം ഒരിക്കൽപോലും ഉപേക്ഷിച്ചതുമില്ല.

റിട്ടേർഡാവുന്നതിന് 9 മാസം മുൻപ്തന്നെ നീറ്റ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബാങ്ക് ജീവിതത്തിൽ അവശേഷിച്ച ലീവൊക്കെ ഒന്നിച്ചെടുക്കാനായപ്പോൾ കിട്ടിയ അവസരത്തിലാണ് ഈ പഠനം. എന്തായാലും അതൊന്നും വെറുതെയായില്ലെന്ന് മുരളീധരന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയായ ശ്രീലതയും, മധ്യപ്രദേശിലെ ചൈംസ് ഏവിയേഷനിൽനിന്ന് പൈലറ്റ് പരിശീലനം പൂർത്തിയാക്കി ലൈസൻസ് ലഭിച്ച് കൊമേഴ്സ്യൽ കമ്പനിയിൽ ജോലിക്ക് കാത്തിരിക്കുന്ന ഏക മകൻ അവിനാഷ് മുരളിയും അച്ഛന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയായുണ്ട്. പലരും തളർത്തുമ്പോൾ ഇവർ നൽകുന്ന പിന്തുണ വലിയൊരു കരുത്താണ് സമ്മാനിക്കുന്നതെന്ന് മുരളീധരൻ അഭിമാനത്തോടെ പറയുന്നു.

(ഫഖ്റുദ്ധീൻ: 9946025819 )

error: This article already Published !!