മാമാങ്കത്തിനെതിരെ ഡീഗ്രേഡ് ചെയ്യുന്നതിന് പിന്നിൽ ചില ഫാൻസുകാർ: തുറന്നടിച്ച് സംവിധായകൻ പത്മകുമാർ അഭിമുഖം: ഫഖ്റുദ്ധീൻ പന്താവൂർ / പത്മകുമാർ

0
13

അഭിമുഖം: ഫഖ്റുദ്ധീൻ പന്താവൂർ/പത്മകുമാർ

മലയാളത്തിലെ ഏറ്റവും മുതൽ മടക്കുള്ള ( 50 കോടിക്ക് മുകളിൽ) സിനിമയാണ് മമ്മൂട്ടി നായകനായ ചരിത്രസിനിമയാണ് മാമാങ്കം.45 രാജ്യങ്ങളിലായി റിലീസ് ചെയ്ത ഈ സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നുണ്ട്.സിനിമയുടെ ബിസിസിനെ കാര്യമായി ദോഷകരമായി ബാധിക്കുന്ന ഡീഗ്രേസിംഗിനെതിരെ നിർമ്മാതാവും രംഗത്തെത്തിയിരുന്നു.

അതിനിടെ മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി.. മൂന്ന് ദിവസം മുൻപാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റർനെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബിഗ് ബജറ്റ് ചിത്രമായതിനാൽ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുൻകരുതലുകൾ അണിയറ പ്രവർത്തകർ എടുത്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ടോറന്റിൽ ചിത്രം ലഭ്യമായി തുടങ്ങി.ഇതാദ്യമായാണ് സിനിമക്കെതിരെ നടക്കുന്ന ഗൂഡാലോചനക്കെതിരെ സംവിധായകൻ പത്മകുമാർ രൂക്ഷമായി പ്രതികരിക്കുന്നത്.

പത്മകുമാറുമായി ഫഖ്റുദ്ധീൻ പന്താവൂർ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ചോദ്യം: മാമാങ്കത്തിനെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നുണ്ടല്ലോ. ആരാണ് ഇതിന് പിന്നിൽ?
ഉത്തരം: കുബുദ്ധികളായ ചില ഫാൻസുകാരാണ് ഈ ഡീഗ്രേഡിംഗിന് പിന്നിൽ. മുമ്പ് മോഹൻലാൽ നായകനായ ഒടിയനെതിരെ വ്യാപകമായ ഡീഗ്രേഡിംഗ് നടന്നിരുന്നു. ഇപ്പോഴാകട്ടെ മാമാങ്കത്തിനെതിരെയും.മോഹൻലാൽ ഫാൻസിന്റെ ഉന്നത നേതാക്കളിലൊരാൾ ഡീഗ്രേഡിംഗിനെതിരെ രംഗത്തുവന്നിരുന്നു.

ചോദ്യം: യഥാർത്ഥത്തിൽ ഫാൻസുകളെന്ന വെട്ടുകിളികൾ സിനിമയെ നശിപ്പിക്കുകയല്ലേ?
ഉത്തരം: തീർച്ചയായും. സിനിമയിറങ്ങി ആദ്യ രണ്ട് ദിവസങ്ങളിലാണ് ഈ കൂട്ടമായ ആക്രമണം.ഇതുമൂലം കുടുംബപ്രേക്ഷകർ തിയ്യേറ്ററുകളിലെത്താൻ മടികാണിക്കുന്നു.സിനിമയെന്ന വ്യവസായത്തേയാണ് ഇവർ തകർക്കുന്നത്.സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ അവകാശമുണ്ട് പ്രേക്ഷകന്.പക്ഷെ ഇവിടെ അതല്ല സംഭവിക്കുന്നത്. മനപ്പൂർവ്വം സിനിമക്കെതിരെ ഒരു കൂട്ടം ആളുകൾ ഡീഗ്രേഡ് ചെയ്യുകയാണ്.ഒരിക്കൽ ഒടിയൻ ഇന്ന് മാമാങ്കം, നാളെയത് മോഹൻലാലിന്റെ മരക്കാറുമാവാം.ഫാൻസുകാരിന്ന് കുടിപ്പകയുടെ ലോകത്താണ് ജീവിക്കുന്നത്.

ചോദ്യം: സിനിമയുടെ ആദ്യ സംവിധായകനായ സജീവ്പിള്ളക്കെതിരെ നിർമ്മാതാവ് ഒരു കേസ് കൊടുത്തിരുന്നു .സിനിമയെ തകർക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആ പരാതി. ഒരു പക്ഷെ ഇപ്പോഴുള്ള ഡീഗ്രേഡിംഗിന് പിന്നിൽ ഇങ്ങനെയൊരു സാധ്യതയെ സംശയിച്ചിരുന്നോ?

ഉത്തരം: ഒരിക്കലുമില്ല. ഇപ്പോൾ നടക്കുന്ന ഡീഗ്രേഡിംഗുമായി അവർക്ക് ബന്ധമൊന്നുമില്ലെന്നാണ് എനിക്ക് മനസിലാകുന്നത്.നേരത്തെ മാമാങ്കം റിലീസ് ചെയ്യേണ്ടിയിരുന്നത് നവംബർ 21 നായിരുന്നു. ചില സാങ്കേതികകാരണങ്ങളാൽ അത് സാധ്യമായില്ല.എന്നാൽ അന്നേ ദിവസം സിനിമ തല്ലിപ്പൊളിയാണെന്ന തരത്തിൽ റിവ്യൂ പുറത്തുവരികയുണ്ടായി. റിലീസാകാത്ത സിനിമയുടെ റിവ്യൂ പുറത്തുവന്നതോടെയാണ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതും കേസ് കൊടുക്കുന്നതും.

ചോദ്യം: മാമാങ്കം കണ്ട പലരുടെയും പരിഭവം ഇതൊരിക്കലും വടക്കൻ വീരഗാഥയോ പഴശ്ശിരാജയെപ്പോലെയോ ആയില്ല എന്നതാണ്. എന്താണ് വസ്തുത?

ഉത്തരം: ഞാൻ ഒരിക്കലും ഹരിഹരനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല.അതുകൊണ്ട് തന്നെ ഇത് മറ്റൊരു വടക്കൻ വീരഗാഥയുമല്ല. മാമാങ്കം യുദ്ധക്കൊതിയുടെ സിനിമയല്ല. ആചാരങ്ങളെ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. സമാധാനമാണ് ഈ സിനിമ നൽകുന്ന സന്ദേശം. ഞാൻ തന്നെ സിനിമ കണ്ടത് തൃശൂരിൽനിന്നും ആദ്യ ഷോക്ക് തന്നെയാണ്.അതും ഫാൻസുകാർക്കൊപ്പം.സിനിമയുടെ തുടക്കത്തിലെ നായകന്റെ മാമാങ്ക യുദ്ധ സീനുകൾ കാണുമ്പോൾ പ്രേക്ഷകർ ആർത്തുവിളിക്കുകയായിരുന്നു.എന്നാൽ മാനസാന്തരം വന്ന അതേ ചാവേറിനെ പലരും ഉൾകൊണ്ടില്ല. ആളുകൾ കൊല്ലുന്നത് കാണാൻ ഇഷ്ടപ്പെടുന്നു. സമാധാനത്തെ തോൽവിയായി കാണുന്നു.

(മാധ്യമപ്രവർത്തകനും അധ്യാപകനുമാണ് ലേഖകൻ.9946025819)