സീരിയലിലെ ബാലതാരത്തിൽ നിന്ന് 100 കോടി ഖൽബിലെത്തിയ “സമീറി”ലെ നായകനിലേക്ക്…ആനന്ദ് റോഷൻ സിനിമാജീവിതം പറയുന്നു…

0
376

ഫഖ്റുദ്ധീൻ പന്താവൂർ

തിയേറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുന്ന സമീറിലെ നായകനാണ് ആനന്ദ് റോഷൻ എന്ന എടപ്പാൾ സ്വദേശി.നവാഗതനായ റഷീദ് പാറക്കൽ എഴുതി സംവിധാനം ചെയ്ത സമീറിലെ നായകപദവയിലേക്കുള്ള റോഷന്റെ യാത്ര അത്ര എളുപ്പമോ സുഖകരമോ ആയിരുന്നില്ല. സിനിമാ മോഹവും തലക്കുപിടിച്ച് നൂറുകണക്കിന് യുവാക്കൾ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നുണ്ട്.അവർക്ക് വലിയൊരു പ്രചോദനമാണ് റോഷന്റെ സിനിമാ ജീവിതം.

റോഷൻ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് 2017 ൽ ഇറങ്ങിയ ” എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ” എന്ന ഷോർട്ട് ഫിലിമിലാണ്. പ്രേക്ഷകർ ഇത്രമാത്രം ഏറ്റെടുത്ത മറ്റൊരു ഷോർട്ടുഫിലിമും ഉണ്ടായിട്ടില്ല.അതിന് മുമ്പും ആറോളം ഷോർട്ട് ഫിലിം ചെയ്ത് സിനിമയിലേക്കൊരു എൻട്രിക്ക് ശ്രമിച്ചിരുന്നു. ഒടുവിലൊരു നിമിത്തം പോലെ സമീറിലെ നായക കഥാപാത്രം റോഷനെ തേടിയെത്തി.

മൂന്നാംക്ലാസിൽ പഠിക്കുമ്പോൾ ഏഷ്യാനെറ്റിലെ നടനം എന്ന സീരിയലിലൂടെ ബാലതാരമായാണ് ആനന്ദ് റോഷൻ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.നാലാം ക്ലാസിലെത്തിയപ്പോൾ സൂര്യ ടിവിയിലെ സ്നേഹാകാശം എന്ന ടെലിഫിലിമിലും അഭിനയിച്ചു.പത്താം ക്ലാസിലെത്തിയപ്പോൾ മികച്ച രണ്ടു അവസരങ്ങൾ റോഷന് നഷ്ടപ്പെട്ടു.ജയരാജിന്റെ തിളക്കത്തിൽ ദിലീപിന്റെ കുട്ടിക്കാലവും രഞ്ജിത്തിന്റെ ഗുൽമോഹറിലെ പത്താംക്ലാസുകാരന്റെ വേഷവും. അന്നത്തെ പത്താം ക്ലാസുകാരന്റെ എന്റെ വലുപ്പം കണ്ടപ്പോൾ കോളേജ് പയ്യനെന്ന് കരുതിയതാണ് വിനയായത്.

കുട്ടിക്കാലം മുതൽക്കെ സിനിമ ഒരു മോഹമായി ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് സ്ഥാനം പിടിച്ചിരുന്നു. കോഴിക്കോട് പി കെ എസ് കമ്പനിയിൽ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുമ്പോഴും ഓഡിഷനുകളിലെല്ലാം പങ്കെടുക്കും.40 ഓളം പ്രമുഖ സിനിമകളുടെ ഓഡീഷനുകളിൽ പങ്കെടുത്തു. എല്ലാത്തിലും ഫൈനൽ റൗണ്ടിലെത്തും.വെറുമൊരു കാഴ്ചക്കാരന്റെ റോളാവാൻ താൽപര്യമില്ലാത്തതിനാൽ മികച്ച അവസരത്തിനായ് ക്ഷമയോടെ കാത്തിരിക്കും.

ഇതിനിടെ സിനിമക്കുവേണ്ടി ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു.ഒരു പ്രമുഖ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.15 ദിവസത്തെ കാൾഷീറ്റാണ് ആവശ്യപ്പെട്ടത്.സ്വപ്നങ്ങൾ യാഥാർത്ഥ്യമായെന്ന് തോന്നിച്ച കാലം. സിനിമക്ക് വേണ്ടി ഇത്രയും ദിവസം ഒന്നിച്ച് ലീവെടുക്കാൻ കഴിയാതെ വന്നതോടെ ജോലിതന്നെ ഉപേക്ഷിച്ചു.അത്രമാത്രം സിനിമയെ സ്നേഹിച്ചിരുന്നു ഈ യുവാവ്.
ഒടുവിൽ അവർ പറഞ്ഞു പറ്റിച്ചു. ജോലിയും പോയി സിനിമയൊട്ട് കിട്ടിയതുമില്ല. ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നൊരു റോൾ അവർ ഔധാര്യംപോലെ വെച്ചുനീട്ടിയെങ്കിലും നിരസിച്ചു.

അതോടെ സിനിമാഭ്രാന്ത് തലക്ക് പിടിച്ചിരുന്നു.എറണാംകുളത്തേക്ക് മാറി. അഭിനയം പഠിക്കാൻ ആക്ട് ലാബിൽ ചേർന്നു.മൂന്നു മാസത്തേ കോഴ്സിൽ ഒരുപാട് സിനിമാ സൗഹൃദങ്ങളുണ്ടായി.തിയേറ്റർ പ്ലേ റോഷന്റെ ജീവിതത്തെ മാറ്റി മറിച്ചു. അന്നത്തെ സൗഹൃദമാണ് 2017 ലെ “എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തിൽ “എത്തിച്ചത്.

റഷീദ് പാറക്കലിന്റെ “ഒരു തക്കാളി കർഷകന്റെ സ്വപ്നങ്ങൾ” എന്ന നോവലാണ് സമീർ എന്ന സിനിമയായത്.റഷീദുമായുള്ള സൗഹൃദമാണ് സമീറിലെ നാകനാക്കിയത്.
പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം കേൾക്കുന്നതിൽ റോഷൻ ഏറെ സന്തോഷത്തിലാണ്.കാരണം വലിയൊരു ത്യാഗം തന്നെ ഈ സിനിമയ്ക്കുവേണ്ടി റോഷൻ എടുത്തിട്ടുണ്ട്.

ആഴ്ചകളോളം അരലിറ്റർ വെള്ളവും പേരിനുമാത്രമൊരു ഭക്ഷണവും കഴിച്ച് സമീറിലെ നായകനാവാൻ റോഷൻ അനുഭവിച്ച ദുരിതങ്ങൾ ഏറെയാണ്. സിനിമക്കുവേണ്ടി 20 കിലോയാണ് റോഷൻ തടി കുറച്ചത്. എടപ്പാൾ ലൈഫ് ലൈൻ ക്ലബിലെ ട്രൈയിനർ ഫെബിയാണ് സഹായിച്ചത്.സംഗതി കലക്കി.നാല് മാസം കൊണ്ട് 90 കിലോയിൽ നിന്ന് 20 കിലോ കുറച്ചു. മൂന്നുമാസംകൊണ്ട് 15 കിലോ കുറച്ചപ്പോൾ നട്ടെല്ലിന് പരുക്കായി റോഷൻ ആശുപത്രിയിലായി.

അതോടെ രണ്ടുമാസത്തേക്ക് വർക്ക് ഔട്ട് നിർത്തിവെപ്പിച്ചു ഡോക്ടർ. തടി വീണ്ടും പഴയപടിയായി.ആഴ്ചകൾക്കുശേഷം രണ്ടും കൽപ്പിച്ച് വർക്ക് ഔട്ട് തുടങ്ങി. രണ്ടര മാസം കൊണ്ട് 25 കിലോ കുറച്ച് റോഷൻ സംവിധായകനെപോലും ഞെട്ടിച്ചു. സമീറിലൂടെ പ്രതിഭയുള്ള നടനാണ് താനെന്ന് റോഷൻ തെളിയിച്ചുകഴിഞ്ഞു.മലയാളസിനിമയിലെ ഭാവിയുള്ള യുവതാരങ്ങളുടെ പേരുകളാടൊപ്പം ചേർക്കാം ആനന്ദ് റോഷനെയും.

( ഫഖ്റുദ്ധീൻ: 9946025819)