മാമാങ്കത്തിന് ശേഷം “ജോസഫി”ന്റെ തമിഴ് റീമേക്കുമായി സംവിധായകൻ പത്മകുമാർ.

0
179

മമ്മൂട്ടി നായകനായ മാമാങ്കത്തിന് ശേഷം ജോസഫിന്റെ തമിഴ് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ പത്മകുമാർ.മാമാങ്കം സാമ്പത്തികമായി വിജയിച്ചോ എന്ന എന്റെ ചോദ്യത്തിന് “അറിയില്ല” എന്ന മറുപടിയാണ് സംവിധായകൻ നൽകിയത്. സിനിമ 135 കോടി കലക്ഷൻ നേടിയതായി നിർമ്മാതാവ് അവകാശപ്പെട്ടിരുന്നു.

ജോജു ജോര്‍ജ്ജ് നായകനായെത്തി മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന സിനിമ തമിഴിലേക്ക് വരുന്നതിൽ വലിയ പ്രതീക്ഷയാണുള്ളത്. തമിഴില്‍ റീമേക്ക് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ തന്നെയാണ്.

ഷൂട്ടിംഗ് ഈ മാസം 20 ന് ആരംഭിക്കുമെന്ന് സംവിധായകൻ പത്മകുമാർ അറിയിച്ചു.ജോജു തകര്‍ത്ത് അഭിനയിച്ച ജോസഫായി തമിഴിലെത്തുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്.മലയാളത്തിൽ വില്ലനായി തിളങ്ങിയ ആളാണ് ഈ കക്ഷി. സിനിമയില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സുരേഷ് പ്രത്യക്ഷപ്പെടുന്നത്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മിക്കുന്നത്.

വന്‍ താരനിരയില്ലാതെ തന്നെ തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് ജോസഫ്. ഷാഹി കബീര്‍ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. മെഡിക്കല്‍ രംഗത്തെ മോശം പ്രവണതകളെ തുറന്നു കാണിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്, ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

ഈ തമിഴ്സിനിമക്കുശേഷം ആസിഫലിയെ നായകനാക്കി ഒരു സിനിമയൊരുക്കുമെന്ന് പത്മകുമാർ പറഞ്ഞു.

(റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ)