‘അഞ്ചാം പാതിരാ’ ലക്ഷണമൊത്ത ക്രൈം തില്ലർ മൂവി: ഫഖ്‌റുദ്ധീൻ പന്താവൂർ എഴുതുന്നു

0
72

-ഫഖ്‌റുദ്ധീൻ പന്താവൂർ

നഗരത്തിൽ ഒരു ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥൻ പാതിരാത്രിയിൽ മൃഗീയമായി കൊല്ലടുന്നു. കുറ്റവാളിയിലേക്കെത്തുന്ന ഒരു തെളിവുപോലും കൊലയാളി അവശേഷിപ്പിക്കുന്നില്ല.തട്ടിക്കൊണ്ടുപോയാണ് കൊലപാതകം നടക്കുന്നത്.

ഇതിനിടയിൽ സമാനമായി മറ്റൊരു പോലീസുകാരൻകൂടി മൃഗീയമായി കൊല്ലപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിൽ എല്ലാ കൊലപാതകങ്ങളും ജീവനുള്ളപ്പോൾ തന്നെ കണ്ണുകൾ ചൂഴ്‌ന്നെടുത്തും ഹൃദയം കവർന്നെടുക്കുകയും ചെയ്തതായി കണ്ടെത്തുന്നു.

കൊലയാളിയെക്കുറിച്ചോ കൊലയിലേക്ക് നടന്ന സാഹചര്യത്തെക്കുറിച്ചോ ഒരു സൂചനപോലും ലഭിക്കാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുമ്പോൾ മറ്റൊരു പോലീസുകാരൻ കൂടി സമാനമായ രീതിയിൽ കൊല്ലപ്പെടുന്നു. ആരാണ് കൊലയാളി എന്തിനാണയാൾ പോലീസുകാരെ ലക്ഷ്യം വെക്കുന്നത് ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ബുദ്ധിപരമായി നടത്തുന്ന കൊലപാതകത്തിന് പിറകിലേക്കുള്ള അന്വേഷണമാണ് മിഥുൻ മാനുവലിന്റെ അഞ്ചാം പാതിരാ.

അഞ്ചാം പാതിരാ എന്ന ത്രില്ലിംഗ് സിനിമ കൂടുതൽ മികവേറുന്നത് അതിന്റെ തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവിലാണ്. അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റായി കുഞ്ചാക്കോ ബോബൻ പോലീസിനെ കേസന്വേഷണത്തിൽ സഹായിക്കാനായി എത്തുന്നു. ഒരു പിഎച്ച്ഡി സ്‌കോളർ കൂടിയായ അൻവർ കേസന്വേഷണത്തിനായി പൊലീസിനെ സഹായിക്കാറുമുണ്ട്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും മിഥുൻ മാനുവൽ തന്നെയാണ്. കേരളത്തിൽ നടന്ന ചില സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.ഉണ്ണിമായ, രമ്യ നമ്പീശൻ, ദിവ്യ ഗോപിനാഥ്, ജിനു ജോസഫ്, ഷറഫുദ്ദീൻ, മാത്യു തോമസ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനന്ദനം അർഹിക്കുന്ന മറ്റൊന്ന് സുഷിൻ ശ്യാമിന്റെ ബി.ജി.എം ആണ്. ചിത്രത്തിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും കാണികളെ തിയേറ്ററിൽ സീറ്റ് എഡ്ജിൽ എത്തിക്കുന്നതിലും സുഷിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.ഷൈജു ഖാലിദിന്റെ ഷോട്ടുകളും സിനിമ കൂടുതൽ മികച്ച അനുഭവം തരുന്നുണ്ട്. ഒരു ത്രില്ലർ സിനിമയുടെ ആവേശം ചോർന്ന് പോകാതെ ഷോട്ടുകൾ മികച്ച രീതിയിൽ ഷൈജു ശ്രീധരൻ എഡിറ്റ് ചെയ്യുകയും ചെയ്തു.

തമിഴിൽ രാക്ഷസനെങ്കിൽ മലയാളത്തിൽ ഇനിയത് അഞ്ചാം പാതിരാ ആയിരിക്കും.തുടക്കം മുതൽ ഒടുക്കംവരെ ത്രില്ലിംഗ്മൂട് നിലനിർത്താൻ തിരക്കഥക്കും മേക്കിംഗിനും കഴിഞ്ഞിട്ടുണ്ട്.

(ഫഖ്‌റുദ്ധീൻ പന്താവൂർ 9946025819)