മലയാളത്തിൽ തകർന്നടിഞ്ഞ ആ മമ്മൂട്ടിച്ചിത്രം ഹിന്ദിയിൽ നേടിയത് 1000 കോടി

0
2670

മലയാളത്തിന്റെ മെഗാസാറ്റാറായ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് കുടുംബപ്രേക്ഷകർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. പതിറ്റാണ്ടുകളായി മലയാള സിനിമാപ്രേക്ഷകർക്കുള്ള വിശ്വാസമാണത്. കുടുംബകഥകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് എപ്പോഴും മമ്മൂട്ടി സിനിമകൾ തെരഞ്ഞെടുക്കാറുള്ളത്. മമ്മൂട്ടിയുടെ മികച്ച കുടുംബചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകനാണ് ഫാസിൽ. 1986ൽ ഫാസിൽ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നൽ ഒരു ഗംഭീര സിനിമയായിരുന്നു.

സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ച സിനിമയിൽ ബാബു ആന്റണിയായിരുന്നു വില്ലൻ. നദിയ മൊയ്തു നായികയായ ചിത്രത്തിൽ ബാലതാരം സുചിതയുടെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഒരു മികച്ച സിനിമയായിട്ടും തിയേറ്ററുകളിൽ സിനിമ പരാജയപ്പെട്ടു. മമ്മൂട്ടിയുടെ കഥാപാത്രം ക്ലൈമാക്‌സിൽ മരിക്കുന്നതാണ് ആ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെട്ടത്. എന്നാൽ അത്ഭുതം അതല്ല ഈ സിനിമ തമിഴിലേക്കും കന്നഡയിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.

ആ ഭാഷകളിലൊക്കെ വമ്പൻ ഹിറ്റുകളായി അവ മാറി. തമിഴിൽ ഫാസിൽ തന്നെയാണ് പൂവിനുപുതിയ പൂന്തെന്നൽ റീമേക്ക് സംവിധാനം ചെയ്തത്. പൂവിഴി വാസലിലേ എന്ന ആ സിനിമ സൂപ്പർഹിറ്റായി. സത്യരാജായിരുന്നു നായകൻ. തെലുങ്കിൽ ചിരഞ്ജീവി നായകനായപ്പോൾ ചിത്രം ബ്ലോക്ബസ്റ്ററായി. കന്നഡയിൽ അംബരീഷ് നായകനായി ആപത് ബാന്ധവ എന്ന പേരിൽ റീമേക്ക് ചെയ്തപ്പോഴും മെഗാഹിറ്റ്. ഹിന്ദിയിലെ കാര്യമാണ് രസകരം.


1988ൽ ഹത്യ എന്ന പേരിൽ ഹിന്ദിയിൽ ചിത്രം റീമേക്ക് ചെയ്തു. ഗോവിന്ദ ആയിരുന്നു നായകൻ. പടം വൻ ഹിറ്റായി. വർഷങ്ങൾക്ക് ശേഷം 2015ൽ ഇതേ കഥ ചില മാറ്റങ്ങൾ വരുത്തി ബജ്റംഗി ബായിജാൻ എന്ന പേരിൽ വീണ്ടും ഹിന്ദിയിൽ ഇറക്കി. കെവി വിജയേന്ദ്രപ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. സൽമാൻ ഖാൻ നായകനായ ആ സിനിമ 1000 കോടിയോളം രൂപയാണ് മൊത്തം കളക്ഷൻ നേടിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ്. പൂവിന് പുതിയ പൂന്തെന്നൽ പരാജയമായെങ്കിലും അതൊരു മികച്ച സിനിമയായിരുന്നു എന്ന് ഇന്നും ഏവരും പറയുന്നു. ആ കഥ മമ്മൂട്ടി തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ശരിയായ തീരുമാനം തന്നെയായിരുന്നു എന്ന് മറ്റ് ഭാഷകളിലെ വമ്പൻ വിജയങ്ങൾ തെളിയിക്കുന്നു.