മരണത്തിന്റെ തൊട്ടുമുമ്പ് പ്രിയതമയ്ക്ക് കൊടുത്ത വാക്ക് പാലിക്കും, മുപ്പത്തിയാറാം വയസിൽ പരീക്ഷ എഴുതി വിജയിച്ച സജ്‌നയുടെ എസ്എസ് എൽസി ബുക്ക് സൂക്ഷിച്ചുവയ്ക്കും, സങ്കടകരം

0
112

പൊന്നാനി: മരണത്തിന്റെ തൊട്ടുമുമ്പ് സജ്‌ന ഭർത്താവിനോട് ഒന്നെ ആവശ്യപ്പെട്ടുള്ളൂ.’പരീക്ഷ റിസൾട്ട് നോക്കണം. ജയിച്ചോന്നറിയണം. എസ്എസ്എൽസി ബുക്ക് സൂക്ഷിച്ചുവെക്കണം’ മരണക്കിടക്കയിൽ ഭാര്യയ്ക്കു കൊടുത്ത വാക്ക് പാലിക്കുകയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവ് ഫസലുറഹ്മാൻ. ഭാര്യയുടെ എസ്എസ്എൽസി ബുക്ക് സൂക്ഷിച്ചുവെക്കണം. മക്കളെ പൊന്നു പോലെ നോക്കണം.

ഒരു സങ്കടമെയുള്ളൂ. പരീക്ഷയുടെ ഫലം അറിയുന്നതിന്റെ ദിവസങ്ങൾക്കുമുമ്പാണ് കാൻസറിന്റെ വേദനകളൊന്നുമില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായത്. ഓരോ നിമിഷത്തിലും റിസൾട്ടിനെക്കുറിച്ച് അവൾ ചോദിക്കുമായിരുന്നുവെന്ന് കണ്ണീരോടെ ഭർത്താവ് പായുന്നു. ഫലം വന്നപ്പോൾ അവൾ പാസ്. വിജയത്തിന്റെ സന്തോഷം കാണാൻ അവൾ ജീവിച്ചിരിപ്പില്ലെന്ന സങ്കടം മാത്രമെ ഈ കുടുംബത്തിനുള്ളൂ. മാറഞ്ചേരി അധികാരപ്പടി സ്വദേശിയായ സജ്‌ന(36)യാണ് പരീക്ഷഫലം വരുന്നതിന്റെ ഒരാഴ്ച മുൻപ് മരണത്തിന് കീഴടങ്ങിയത്.

മുപ്പത്തിയാറാം വയസിൽ കാൻസർ ബാധിതയായി കിടപ്പിലായപ്പോഴാണ് പഠിക്കണമെന്ന ആഗ്രഹം ശക്തമായത്. കുട്ടിക്കാലത്ത് ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടതിനാൽ കൂടുതൽ പഠിക്കാനായിരുന്നില്ല.മജ്ജയിൽ ക്യാൻസറായിരുന്നു സജ്‌നക്ക്. പഠിച്ച് ഡിഗ്രിയെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പരീക്ഷയെഴുതണമെന്ന് സജ്‌നയേക്കാൾ നിർബന്ധം മാറഞ്ചേരിയിലെ ഓട്ടോ ഡ്രൈവറായ ഭർത്താവിന്നായിരുന്നു.

കണക്ക് പരീക്ഷയുടെ ദിവസം ഏറെ അവശയായിരുന്നു. നടക്കാനോ ഇരിക്കാനോ കഴിയാത്ത സ്ഥിതി.എന്നിട്ടുമവൾ ഭർത്താവിനൊപ്പം പരീക്ഷ ഹാളിലെത്തി.മറ്റു വിഷയങ്ങളേക്കാൾ മാർക്ക് കുറഞ്ഞതും കണക്കിൽ തന്നെ.ഉത്തരങ്ങൾ അറിയുമായിരുന്നെങ്കിലും ക്ഷീണം കാരണം പലതും എഴുതാൻ കഴിഞ്ഞില്ലെന്ന് അവൾ സങ്കടത്തോടെ ഭർത്താവിനോട് പറഞ്ഞിരുന്നു. തോറ്റാലും പേടിക്കണ്ട തിരൂരിൽപോയി തോറ്റ വിഷയം എഴുതാം എന്ന ഉറപ്പിലാണ് കണക്ക് പരീക്ഷയ്ക്ക് വേദനയും സഹിച്ച് എത്തിയത്.

മരിക്കുന്നതിനു തൊട്ടുമുൻപ് വരെ ഫലം വന്നോയെന്നു തിരക്കിയിരുന്നു. പക്ഷേ, മരിച്ചു ഏഴാം നാളിലായിരുന്നു പരീക്ഷാഫലം വന്നത്. സജ്‌ന ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായി.കണ്ണീർ വീണ ഉത്തരക്കടലാസ് അവൾക്ക് വിജയം സമ്മാനിച്ചെങ്കിലും അത് കണ്ടാസ്വദിക്കാനുള്ള സമയം വിധി നൽകിയില്ല. സജ്‌ന ആശുപത്രിക്കിടക്കയിൽ നാളുകളെണ്ണി കഴിയുമ്പോഴാണ് എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. അവൾ നിർബന്ധിച്ച് എഴുതുകയായിരുന്നു.ഭർത്താവിനൊപ്പം പരീക്ഷാ ഹാളിലേക്കെത്തി. നെഞ്ചുപൊട്ടുന്ന വേദനയിൽ പതറി നിന്നപ്പോൾ തുടർവിദ്യാകേന്ദ്രം പ്രേരക് ജയശ്രീ കരുത്തു നൽകി കൂടെ നിന്നു.


ദുഃഖം കടിച്ചമർത്തി അങ്ങനെ പരീക്ഷയെഴുതി. കണക്ക് പരീക്ഷാ ദിവസം സ്‌കൂളിലെത്താനാകുമോയെന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. രണ്ടു ഗുളികയുടെ ഉറപ്പിലാണ് അന്ന് പരീക്ഷക്കെത്തിയത്. എങ്ങനെയൊക്കയോ സകല വേദനകളെയും അതിജീവിച്ച് എല്ലാ വിഷയങ്ങളും എഴുതിത്തീർത്തു. ഒടുവിൽ പരീക്ഷാഫലം വന്നപ്പോൾ…അതറിയാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചയാൾ അടുത്തില്ലാതെ പോയി. എങ്കിലും ഭാര്യയുടെ ഓർമകൾ തരുന്ന ധൈര്യത്തിൽ പരീക്ഷാഫലം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ഭർത്താവ് ഫസലുർഹ്മാൻ.
മക്കൾ രണ്ടുപേർ. പത്താം ക്ലാസിൽ പഠിക്കുന്ന മകനും ഏഴാം ക്ലാസിൽ പഠിക്കുന്ന മകളുമാണുള്ളത്.

റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ