പ്രമുഖ തെന്നിന്ത്യൻ താര സുന്ദരി സാമന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശിൽപയെ വീട്ടിലെത്തി സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രോഗവിവരം പുറത്തുവരുന്നത്. ഇതോടെ താരത്തിന്റെ ആരാധകർ ആശങ്കയിലാണ്.
ശിൽപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വരുന്നതിന് അഞ്ച് ദിവസം മുൻപാണ് സാമന്ത അവരുടെ വീട്ടിൽ എത്തിയത്. സുഹൃത്തിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നതിന്റെ ഫോട്ടോയും അവരുടെ വളർത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു.
ശിൽപ്പ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകർന്നതെന്നുമാണ് ശിൽപ്പ വീഡിയോയിൽ പറയുന്നത്.
കുടുംബസുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശിൽപ്പയുടെ കുടുംബമൊന്നാകെ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ശിൽപയ്ക്കും ഭർത്താവിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ടുപേർക്കും രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ശിൽപ്പ പറയുന്നു.
ഫിറ്റ്‌നസ് പരിശീലനത്തിലൂടെയും ആരോഗ്യകരമായ ഡയറ്റിലൂടെയും രോഗാവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ഇവർ.കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ചെയ്യേണ്ട വർക്കൗട്ടിനെക്കുറിച്ചും ഡയറ്റിനെക്കുറിച്ചും ശിൽപ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിറ്റ്‌നസിൽ വളരെ അധികം പ്രാധാന്യം കൊടുക്കുന്ന താരം നിരവധി വർക്കൗട്ട് വിഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്.