-ഷഹദ് ഷാ
മലയാളത്തിലെ ആദ്യ ഓടി ടി റിലീസ് ആയി വന്ന സിനിമയാണ് ‘സൂഫിയും സുജാതയും’. ഒരു മ്യൂസിക്കൽ റൊമാന്റിക് എന്ന വകുപ്പിൽ പെടുത്താവുന്ന സിനിമയിൽ വളരെ കുറച്ചു കഥാപാത്രങ്ങളും കഥാപരിസരങ്ങളും മാത്രമാണ് ഉള്ളത്.
സൂഫിയുടെ മരണത്തിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന സിനിമ വിവാഹിതയായ സുജാതയുടെയും മരണപ്പെട്ട സൂഫിയുടെയും പഴയകാല പ്രണയവും വേർപിരിയലുമാണ് ഇതിവൃത്തമാക്കുന്നത്. വളരെ പതിഞ്ഞ താളത്തിൽ ആണ് സിനിമ പറഞ്ഞു തുടങ്ങുന്നത് എങ്കിലും പ്രേക്ഷകനെ ഒരു പരിധിക്കപ്പുറം ബോറടിപ്പിക്കാതെ ഒഴുക്കിൽ കഥ കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
നൃത്ത അധ്യാപികയും സംസാരശേഷിയില്ലാത്ത യുവതിയുമായ സുജാതയുടെയും നൃത്ത വിദഗ്ധനായ സൂഫിയുടെയും പ്രണയമാണ് ചിത്രത്തിന്റെ കാതൽ. അത് വലിയ ഏച്ചുകെട്ടലുകളും അതിനാടകീയതയുമില്ലാതെ പ്രേക്ഷകരിൽ എത്തിക്കാൻ സിനിമയ്ക്ക് സാധിച്ചു.
എന്നിരുന്നാലും കഥയുടെ കെട്ടുറപ്പില്ലായ്മ ഉണ്ടായിരുന്നു, വളരെ നേർത്ത ഒരു വിഷയമാണ് സിനിമയ്ക്ക് പറയാൻ ഉണ്ടായിരുന്നത് ആകെ രണ്ടു മണിക്കൂർ മാത്രമുള്ള സിനിമയായിട്ട് പോലും അതിലേക്ക് വ്യാപിച്ചു കിടക്കാനുള്ള ത്രാണി കഥയ്ക്ക് ഇല്ലായിരുന്നു എന്ന് അനുഭവപ്പെട്ടു.
സംഭാഷണങ്ങളിലെ പിശുക്ക് സിനിമയിൽ ഉടനീളം അനുഭവപ്പെട്ട മറ്റൊരു പ്രശ്‌നമായിരുന്നു. പല രംഗങ്ങളും സംഗീതത്തിലൂടെയാണ് മുന്നോട്ടു കൊണ്ട് പോകുന്നത് സംഭാഷണങ്ങളിലൂടെ ശക്തിപ്പെടുത്താമായിരുന്ന പല രംഗങ്ങളും അതില്ലാത്തത് കൊണ്ട് ബലക്കുറവ് അനുഭവപ്പെട്ടു. ഇതിനോട് ചേർന്നു തന്നെ വേഗതക്കുറവ് ഉള്ള കഥപറച്ചിൽ കൂടെ ആയപ്പോൾ ഇടയ്ക്ക് മടുപ്പ് അനുഭവപ്പെട്ടു.
ഇതിനെയെല്ലാം വലിയൊരു രീതിയിൽ രക്ഷിക്കുന്ന ഘടകം സിനിമയുടെ സംഗീതമാണ്. അതിമനോഹരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ നട്ടെല്ല് തന്നെ ആയിരുന്നു. പ്രത്യേകിച്ച് ‘വാതിൽക്കലെ വെള്ളരി പ്രാവ് ‘ എന്ന ഗാനവും ‘ റൂഹ് റൂഹ് ‘ എന്ന പശ്ചാത്തല സംഗീതവും ഇവയിൽ എടുത്തു പറയേണ്ടതാണ്.
പല രംഗങ്ങളുടെയും ഇമ്പാക്ട് നമ്മൾക്ക് ലഭിക്കുന്നതിൽ മേല്പറഞ്ഞ സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ഇത് കൂടാതെ മനോഹരമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളും അതിന്റെ ഭംഗി മികച്ച രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഛായാഗ്രഹണവുമായിരുന്നു സിനിമയുടേത്. സൂഫി – സുജാത പ്രണയത്തിന്റെ കാല്പനിക ആവിഷ്‌കാരത്തിനു ശേഷം ഗ്രാഫ് താഴ്ന്ന സിനിമയുടെ ക്ലൈമാക്‌സ് വലിയ പുതുമ അവകാശപ്പെടാൻ ഇല്ലെങ്കിലും ഒരു ചെറിയ നോവ് ഉണർത്തുന്നതാണ്.
ഏച്ചു കെട്ടിയ നന്മകളിലേക്കും പെട്ടെന്നുള്ള വിപ്ലവത്തിലേക്കും ഒന്നും വഴി മാറാതെ സ്വാർത്ഥതയുള്ള സാധാരണ മനുഷ്യരെ അവതരിപ്പിച്ചത് സിനിമയുടെ ഒരു വലിയ ക്വാളിറ്റി ആയി കാണുന്നു. ആർക്കും അഭിനയിച്ചു കാണിക്കാൻ വലിയൊരു സ്‌പേസ് സിനിമ ഇല്ലായിരുന്നുവെങ്കിലും ഏറ്റവും മികച്ചത് ആയി തോന്നിയത് സിദ്ദിഖ് അവതരിപ്പിച്ച അച്ഛൻ കഥാപാത്രവും മണികണ്ഠൻ പട്ടാമ്പിയുടെ കുമാരനുമാണ്.
അഥിതി റാവുവിന്റെ സുജാത അഭിനയത്തിൽ മോശമാക്കിയില്ല അവരുടെ ഭംഗിയും നിഷ്‌കളങ്ക മുഖഭാവങ്ങളുമാണ് സിനിമ കൂടുതൽ ഒപ്പിയെടുത്തത്. സൂഫിയായി അഭിനയിച്ച കഥാപാത്രം സ്‌ക്രീൻ പ്രെസെൻസ് കൊണ്ട് നന്നായി വന്നപ്പോൾ ജയസൂര്യയുടെ രാജീവൻ കുറച്ചു ഭാഗമേ ഉള്ളെങ്കിലും ഭംഗിയാക്കി.
ചുരുക്കത്തിൽ സംഗീതത്തിന്റെയും ആദ്യപകുതിയുടെയും ബലത്തിൽ ഒരു തവണ മടുപ്പില്ലാതെ കാണാവുന്ന ഒരു ചിത്രമാണ് സൂഫിയും സുജാതയും. മരിച്ചവരെ ദഹിപ്പിക്കാൻ കൊമ്പ് മുറിച്ചു മരം ബാക്കി വച്ചാൽ മരണം തുടരും എന്ന അന്ധവിശ്വാസം കാരണമാണ് മാവ് മൊത്തം മുറിക്കുന്നത് എന്ന അറിവിലൂടെ എന്റെ ഒരു ദീർഘകാല സംശയം സിനിമ തീർത്തു.
ക്ലീഷേ ആവും എന്ന് ഉറപ്പിച്ച സംഗതി ആയ മതസൗഹാർദ്ദം വലുതായി ഓവർ ആക്കാതെ ഒതുക്കത്തിൽ ഏച്ചുകൂട്ടിയ ബാലൻസിംഗ് ഇല്ലാതെ കാണിച്ചത് വലിയ ആശ്വാസം ആയിരുന്നു.