ബാങ്കിലെ ജോലി ലോക്ക്ഡൗണിൽ പോയി; ഭാര്യയെയും രണ്ടു മക്കളെയും നോക്കാൻ ഇപ്പോൾ മീൻ കച്ചവടം

ചങ്ങനാശ്ശേരി: ലോകത്തെ മുഴുവൻ വിറിപ്പിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇന്ത്യ മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നിരവധിപേർക്കാണ് തൊഴിൽ നഷ്ടമായത്. വിദേശത്ത് മാത്രമല്ല നമ്മുടെ നാട്ടിലും പലർക്കും ജോലി നഷ്ടമായി.

ഇപ്പോഴിതാ പിടയ്ക്കുന്ന പുഴമീൻ കയ്യിലെടുത്ത് ത്രാസിലിട്ടു തൂക്കി വില പറഞ്ഞു കൊടുക്കുകയാണ് ബിനു എന്ന ചെറുപ്പക്കാരൻ. തിരുവല്ല മൂത്തൂർ മീനത്തേരിൽ ബിനു സാമുവൽ എന്ന 37 വയസ്സുകാരനാണ് ജോലി നഷ്ടപ്പെട്ട് മീൻകച്ചവടത്തിനിറങ്ങിയത്. അതും ബാങ്കിലെ ജോലി.

ലോക്ഡൗൺ ആകുന്നതുവരെ ചെയ്തിരുന്നത് ബാങ്ക് ജോലിയാണെന്ന കാര്യം ബിനുവിനെ വിഷമിപ്പിക്കുന്നതേയില്ല. ബിനു സാമുവൽ കഴിഞ്ഞ 6 വർഷമായി പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗൺ ആയതോടെ സ്ഥാപനം ജീവനക്കാരെ കുറച്ചപ്പോൾ ബിനുവിനും ജോലി പോയി.

വെറുതേയിരുന്നാൽ ജീവിതം മുന്നോട്ടുപോവില്ലല്ലോ. ഭാര്യയെയും രണ്ടു മക്കളെയും നോക്കണം. മീൻ വിൽപനയെക്കുറിച്ചു ചിന്തിച്ചു. ഇന്നലെയാണ് കച്ചവടം തുടങ്ങിയത്. അതേ സമയം മീൻകച്ചവടത്തിന്റെ തുടക്കം നന്നായി. 30 കിലോ മീൻ ഉണ്ടായിരുന്നത് 3 മണിക്കൂറു കൊണ്ട് തീർന്നു. പിടയ്ക്കുന്ന വാളയ്ക്കം കാരിക്കും വാളക്കൂരീക്കുമൊക്കെ വൻ ഡിമാൻഡായിരുന്നു.

വഴിയോരത്ത് ബിനു കച്ചവടത്തിന് ഇറങ്ങിയതറിഞ്ഞ് പല സുഹൃത്തുക്കളും മീൻ വാങ്ങാനെത്തി. പുലർച്ചെ 2ന് ചങ്ങനാശേരി ചന്തയിൽ ചെന്നാണ് മീൻ എടുത്തത്. കുട്ടനാട്ടിൽ നിന്നു മത്സ്യത്തൊഴിലാളികൾ മീനുമായി ഇവിടെ വള്ളത്തിലെത്തുന്നുണ്ട്. ക

ടൽമത്സ്യങ്ങൾ വിൽക്കുന്നവർ ഒട്ടേറെയുള്ളതിനാലാണ് പുഴ മത്സ്യത്തിലേക്ക് തിരിഞ്ഞത്. പിടയ്ക്കുന്ന മീൻ തന്നെ കൊടുക്കാനും കഴിയുമല്ലോ. ആദ്യദിവസം തന്നെ ന്യായമായ ലാഭം ലഭിച്ചു. ജോലി ചെയ്തപ്പോഴൊന്നും ഇത്രയും തുക ദിവസ വരുമാനമില്ലായിരുന്നു. വരും ദിവസങ്ങളിൽ കച്ചവടം വിപലുപ്പെടുത്താനാണ് തീരുമാനം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.