സുശാന്തിന്റെ മരണം:ചോദ്യംചെയ്യലിന് ഹാജരാകാന്‍ കങ്കണയ്ക്ക് നോട്ടീസ്

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ടു മുംബൈ പൊലീസ് കങ്കണയ്ക്കു നോട്ടിസ് അയച്ചു. ഹിമാചല്‍ പ്രദേശിലെ മണാലിയിലുള്ള നടിയോടു ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കാന്‍ തയാറാണെന്ന് കങ്കണ അഭിപ്രായപ്പെട്ടിരുന്നു

മുംബൈ പൊലീസ് കേസില്‍ മൊഴി നല്‍കാന്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും പക്ഷേ മണാലിയില്‍ ആയതിനാല്‍ സ്റ്റേഷനില്‍ പോകാന്‍ സാധിച്ചില്ലെന്നുമാണു മുമ്പ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞത്. ‘ഇന്‍ഡസ്ട്രിയിലുള്ളവര്‍ വികാരങ്ങളില്ലാത്ത ജീവികളാണ്. അവര്‍ മറ്റുള്ളവരുടെ വേദനകള്‍ കണ്ട് രസിക്കും. പര്‍വീണ്‍ ബാബിയുടെ രോഗത്തെ വച്ച് സിനിമയെടുത്താണു മഹേഷ് ഭട്ട് ജീവിക്കുന്നത്. എന്തുകൊണ്ടാണ് ആദിത്യ ചോപ്ര, മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, രാജീവ് മസന്ത് എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിക്കാത്തത്. കാരണം അവര്‍ വളരെ ശക്തരാണ്. എന്റെ ഈ തുറന്നുപറച്ചില്‍ മൂലം എന്തൊക്കെ നഷ്ടപ്പെടുമെന്ന് കണ്ടറിയാം.എന്നും കങ്കണ പറഞ്ഞിരുന്നു

കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരണം സിബിഐ അന്വേഷിക്കണമെന്നു മുന്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി ആവശ്യപ്പെട്ടു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.