ഇംഗ്ലിഷ് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട, പച്ചക്കറി കച്ചവടം ഒഴിപ്പിക്കാന്‍ എത്തിയ അധികൃതരെ ഞെട്ടിച്ച് പിഎച്ച്ഡിക്കാരിയായ റെയ്സ അന്‍സാരി

സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്നത്. സംഭവം എന്താന്നല്ലേ? ഇന്‍ഡോര്‍ മുനിസിപ്പാലിറ്റിയിലെ അധികൃതര്‍ കഴിഞ്ഞ ദിവസം തെരുവു കച്ചവടം ഒഴിപ്പിക്കാന്‍ എത്തി. എന്നാല്‍ അവിടെയണ്ടായിരുന്ന കച്ചവടക്കാരിയുടെ പരാതി കേട്ടതോടെ അധികൃതര്‍ ഒന്ന് ഞെട്ടിയെന്നു പറയാതെ വയ്യ.

കിടിലന്‍ ഇംഗ്ലിഷില്‍ അനായാസമായി സംസാരിച്ച് അധികൃതരെ അമ്പരപ്പിക്കുകയായിരുന്നു യുവതി. റെയ്സ അന്‍സാരി എന്ന യുവതിയാണ് മുനിസിപ്പല്‍ അധികൃതര്‍ തങ്ങളെ വല്ലാതെ ഉപദ്രവിക്കുകയാണെന്ന് ഇംഗ്ലിഷില്‍ പരാതി പറഞ്ഞത്.

ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന യുവതിയാണ് ഇംഗ്ലിഷില്‍ പരാതി പറഞ്ഞത്. നന്നായി ഇംഗ്ലിഷ് പറഞ്ഞ യുവതിയോട് കാര്യങ്ങള്‍ തിരക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരോട് ഇന്‍ഡോര്‍ ദേവി അഹില്യ സര്‍വകലാശാലയില്‍നിന്ന് മെറ്റിരീയല്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്തിട്ടുണ്ടെന്ന് റെയ്സ പറഞ്ഞു.

റെയ്സ പിഎച്ച്ഡിക്കാരിയായിട്ട് എന്തുകൊണ്ട് മറ്റൊരു ജോലിയ്ക്ക് ശ്രമിച്ചില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ആരു ജോലി തരുമെന്നായിരുന്നു റെയ്സയുടെ മറുചോദ്യം.ഇതിനോടകം തന്നെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.