കുരുവിക്കൂട് സംരക്ഷിക്കാന്‍ ഒരു ഗ്രാമം ഇരുട്ടിലിരുന്നത് 35 ദിവസം

0

തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഗ്രാമവാസികള്‍ ഒരുമാസം തെരുവ് വിളക്കുകള്‍ അണച്ച് ഇരുട്ടിലിരിക്കാന്‍ തീരുമാനിച്ചു .എന്താ കാരണം എന്നല്ലേ, ഒരു പക്ഷിക്കൂട് സംരക്ഷിക്കാന്‍ അവര്‍ എടുത്ത തീരുമാനമാണ് ഒരു മാസം തെരുവ് വിളക്കുകള്‍ തെളിയിക്കാതിരിക്കുക എന്നത്.

ശിവഗംഗയിലെ തെരുവുകള്‍ 35 ദിവസമാണ് ഇരുളടഞ്ഞ് കിടന്നത്. തെരുവ് വിളക്കുകളുടെ സ്വിച്ച് ബോര്‍ഡില്‍ ഒരു കിളിക്കൂടും അതില്‍ കുറെ മുട്ടകളും കണ്ട ഗ്രാമനിവാസികള്‍ കുരുവിക്കൂട്ടിലെ കുഞ്ഞിക്കിളികള്‍ കണ്ണ് തുറക്കും വരെ തെരുവ് വിളക്കുകള്‍ തെളിയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ശിവഗംഗയിലെ കോളെജ് വിദ്യാര്‍ഥിയായ കറുപ്പുരാജയാണ് തന്റെ വീടിനു സമീപമുള്ള സ്വിച്ച് ബോര്‍ഡില്‍ ഒരു കുരുവിക്കൂട് കണ്ടത്. കൂട്ടില്‍ നിറയെ വിരിയാറായ മുട്ടകളും. കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയമായിരുന്നു ഇത്. തെരുവുവിളക്കുകള്‍ തെളിയിക്കാനുള്ള സ്വിച്ചുകള്‍ സ്ഥാപിച്ച സ്വിച്ച് ബോര്‍ഡിലായിരുന്നു കുരുവിക്കൂട്.കറുപ്പുരാജയാണ് ഇവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നത്. കുരുവിക്കൂട് സംരക്ഷിക്കാന്‍ കറുപ്പുരാജ തന്റെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തു. കിളിക്കൂടിനെപ്പറ്റി ഗ്രാമം മുഴുവന്‍ അറിഞ്ഞു. അവയെ സംരക്ഷിക്കണമെന്ന് ഏകാഭിപ്രായമായിരുന്നു എല്ലാവര്‍ക്കും.

മെയിന്‍ സ്വിച്ച് ബോര്‍ഡിലാണ് കുരുവിക്കൂട്. ഇതില്‍ നിന്ന് അമ്മപക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും ഷോക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ച് സ്വിച്ച്‌ബോര്‍ഡിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് അഭ്യര്‍ഥിച്ചു. പഞ്ചായത്ത് അധികൃതര്‍ ആദ്യം ഗ്രാമീണരുടെ ആവശ്യം തള്ളിക്കളഞ്ഞു. എന്നാല്‍ ഗ്രാമീണര്‍ പിന്‍മാറാന്‍ തയ്യാറായില്ല.

കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം വീട് നഷ്ടപ്പെട്ട നിരവധിപേര്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു. തങ്ങളുടെ സ്ഥിതി ആ കുരുവിക്കൂടിന് വരരുതെന്ന് അവര്‍ പഞ്ചായത്ത് അധികൃതരോട് പറഞ്ഞു. ഒടുവില്‍ അവര്‍ സമ്മതിച്ചു.തുടര്‍ന്ന് ഗ്രാമം മുഴുവനും തെരുവുവിളക്കുകള്‍ അണച്ച് അമ്മപക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടി കാത്തിരുന്നു. 35 ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങള്‍ പറക്കാന്‍ തുടങ്ങുന്ന ദിവസം വരെ അവര്‍ കുരുവിക്കൂടിന് യാതൊരു ശല്യവുമുണ്ടാക്കില്ലയെന്നും തീരുമാനിച്ചു