കൊളംബോ :ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 മുതലാണ് ആദ്യത്തെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകുക. സെപ്റ്റംബര്‍ 20വരെ നീണ്ടു നില്‍ക്കുന്ന ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സെപ്റ്റംബര്‍ 19മുതല്‍ യുഎഇയില്‍ ആരംഭിക്കും
നാലു വേദികളിലായി 23 മത്സരങ്ങളാണ് ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലുണ്ടാകുക. അഞ്ച് ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. കൊളംബോ, കാന്‍ഡി, ദാംബുള്ള, ഗോള്‍, ജാഫ്‌ന എന്നീ നഗരങ്ങളുടെ പേരിലാണ് ടീമുകള്‍. എഴുപതോളം രാജ്യാന്തര താരങ്ങള്‍ ലീഗില്‍ പങ്കെടുക്കുമെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെടുന്നത്. ഇന്ന് ചേര്‍ന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ലീഗിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്.
പ്രേമദാസ സ്റ്റേഡിയം, ദാംബുള്ള രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേക്കേലെ സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രജപക്‌സെ സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടങ്ങും. കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 18നാണ് തുടങ്ങുക.