സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി സഹോദരി ശ്വേത സിംഗ്

0

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്ത് നല്‍കി സഹോദരി ശ്വേത സിംഗ്. കേസന്വേഷണം ശരിയായ ദിശയില്‍ നടത്തണമെന്നും തെളിവുകളില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശ്വേത ട്വീറ്റ് ചെയ്തു.

സര്‍, നിങ്ങള്‍ സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെത് ഒരു സാധാരണ കുടുംബമാണ്. എന്റെ സഹോദരന് സിനിമയില്‍ ഒരു ഗോഡ്ഫാദര്‍മാരും ഇല്ല. ഞങ്ങള്‍ക്കും അത്തരം യാതൊരു സ്വാധീനവേരുകളില്ല. കേസന്വേഷണം ശരിയായ കൈകളിലാണെന്ന് ഉറപ്പുവരുത്തണമെന്ന് അങ്ങയോട് അപേക്ഷിക്കുകയാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ഇതായിരുന്നു ശ്വേതയുടെ ട്വീറ്റ്.

ഇക്കഴിഞ്ഞ ജൂണ്‍ പതിന്നാലിനാണ് ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്.