വിമാനാപകടത്തിൽ ഗർഭിണിയായ ഭാര്യ മരിച്ചു, ദുരന്തം എത്തിയത് വിവാഹ വാർഷികം ആഘോഷിച്ച് നാട്ടിലേക്ക് മടങ്ങവെ: എന്ത് ചെയ്യണമെന്നറിയാതെ സങ്കടക്കടലിൽ ആതിഫ്

അബുദാബി: കഴിഞ്ഞ ദിവസം മലയാളികളേയും പ്രവാസികളേയും ദുഖത്തിലാഴ്ത്തി കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ പൊലിഞ്ഞത് ജീവനുകൾ മാത്രമല്ല ചിലരുടെ ജീവിതങ്ങളും സ്വപ്നങ്ങളുമായിരുന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന സന്തോഷവും ആയിട്ടാണ് ആതിഫ് മുഹമ്മദ് തന്റെ ഭാര്യ മനാൽ അഹമ്മദിനെ നാട്ടിലേക്ക് യാത്രയാക്കിയത്.

എന്നാൽ ഒരിക്കലും അവസാനിക്കാത്ത സങ്കടവും വേദനയുമാണ് ആ യാത്രക്ക് അവസാനമുണ്ടായത്. ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മനാൽ അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആതിഫ് മുഹമ്മദിന്റെ അടുത്ത് നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നു. കരിപ്പൂരിൽ റൺവേയിൽ നിന്നും തെന്നിമാറി തകർന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു മനാൽ നാട്ടിലേക്ക് തിരിച്ചത്.

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്ക് കയറ്റി വിട്ട് ദുഖത്തോടെയാണ് ആതിഫ് മുറിയിൽ തിരികെ എത്തിയത്. എന്നാൽ കുറച്ച് സമയങ്ങൾക്കിപ്പുറം ആ തീരാദുഖ വാർത്തയും ആതിഫിനെ തേടിയെത്തി. അവസാനമായി ഭാര്യയുടെ മുഖം ഒരു നോക്ക് കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും ഇന്ന് നാട്ടിലേക്ക് തിരിച്ചു.

ആതിഫിന്റെ അടുത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാൽ സന്ദർശക വിസയിൽ എത്തിയത്. ഓഗസ്റ്റ് 10ന് മുമ്പ് സന്ദർശക വിസക്കാർ യുഎഇയിൽ നിന്നും തിരിച്ച് പോകണം എന്ന നിയമം ഉള്ളതിനാലാണ് മനാൽ ഇന്നലെ നാട്ടിലേക്ക് തിരിച്ചത്.

ഭാര്യയെ എയർപോർട്ടിൽ എത്തി യാത്രയാക്കിയ ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയിൽ തിരികെ എത്തിയപ്പോഴേക്കും ആ വാർത്ത എത്തി. അത് മകനും തനിക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്ന് ഇസ്മായീൽ പറയുന്നു.

2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം നടന്നത്. അജ്മാനിൽ ജോലി ലഭിച്ചതിനാൽ അടുത്തിടെ ആതിഫ് അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിനരികിലെത്തിയത്. ഓഗസ്റ്റ് 17ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു. ഇതിനിടെ മനാൽ ഗർഭിണിയാണെന്ന മധുര വാർത്തയും എത്തി.

മനാലിനെ നാട്ടിലേക്ക് കയറ്റി വിട്ട് പ്രസവം അടുക്കുമ്പോൾ എത്താനായിരുന്നു ആതിഫ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ദാരുണ വിധി അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.