തന്റെ ആദ്യ കാറായ മാരുതി 800 കണ്ടുപിടിക്കാൻ സഹായിക്കാമോ? ആരാധകരോട് സച്ചിൻ

മുംബൈ:ആദ്യമായി വാങ്ങിയ മാരുതി 800 കാർ തിരികെ കിട്ടാൻ ആരാധകരുടെ സഹായം തേടി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. എത്ര വിലകൂടിയ കാറും വാങ്ങാനുള്ള പണം കൈവശമുണ്ടെങ്കിലും ആദ്യമായി വാങ്ങിയ കാർ എന്ന വൈകാരികതയാണ് പഴയ മാരുതി 800 കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് കാരണം.ഒരു അഭിമുഖത്തിലാണ് തന്റെ പഴയ കാർ തിരികെ കിട്ടിയാൽ കൊള്ളാമെന്ന ചിന്ത സച്ചിൻ പങ്കുവച്ചത്. ഇതിനായി തന്റെ ആരാധകരുടെ സഹായവും താരം തേടിയിട്ടുണ്ട്.

‘എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. നിർഭാഗ്യവശാൽ ആ വാഹനം ഇപ്പോൾ എന്റെ കൈവശമില്ല. ആ കാർ എനിക്ക് തിരികെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എന്നെ ശ്രവിക്കുന്ന ആർക്കെങ്കിലും ആ വാഹനത്തെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടെങ്കിൽ ബന്ധപ്പെടുമല്ലോ’ സച്ചിൻ പറഞ്ഞു.1989ൽ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചു തുടങ്ങിയപ്പോളായിരുന്നു സച്ചിൻ മാരുതി 800 സ്വന്തമാക്കിയത്. ‘ പ്രൊഫണൽ ക്രിക്കറ്റർ ആയ ശേഷം സ്വന്തം പണം കൊണ്ട് വാങ്ങിയ ആ കാറിനോട് ഇപ്പോഴും വൈകാരികമായ അടുപ്പം ഉണ്ടെന്നും സച്ചിൻ വ്യക്തമാക്കുന്നു.’

ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡറായ സച്ചിൻ ടെണ്ടുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരം ബ്രാഡ്മാന്റെ 29 സെഞ്ചുറിക്കൊപ്പം സച്ചിൻ തന്റെ പേര് കൂടി ചേർത്ത് വച്ചപ്പോൾ ഫെരാരി അദ്ദേഹത്തിന് ഒരു സൂപ്പർ കാർ സമ്മാനമായി നൽകിയിരുന്നു. തുടർന്ന് ബിഎംഡബ്ല്യു ഐ8, സെവൻസ് തുടങ്ങി നിരവധി ആഡംബരകാറുകൾ സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്.