ഐപിഎല്ലിന്റെ പുതിയ ലോഗോ പുറത്തിറക്കി

ഐപിഎൽ ഈ സീസണിലെ ടൈറ്റിൽ സ്‌പോൺസറായി ഡ്രീം ഇലവൻ എത്തിയ പശ്ചാത്തലത്തിൽ പുതിയ ലോഗോ പുറത്തിറക്കി ഐപിഎൽ. ഐപിഎല്ലിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ സ്‌പോൺസർമാരുടെ പേരുവെച്ചുള്ള ലോഗോ പുറത്തിറക്കിയത്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും പുതിയ ലോഗോ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഐപിഎല്ലിന്റെ ഈ സീസണിലെ സ്‌പോൺസർമാരായ ഡ്രീം ഇലവനെ ബിസിസിഐ തെരഞ്ഞെടുത്തത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയ്ക്കും ബിസിസിഐക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നതിനെത്തുടർന്ന് വിവോ ഈ വർഷത്തെ ടൈറ്റിൽ സ്‌പോൺസർഷിപ്പിൽ നിന്ന് സ്വയം മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇത്തവണത്തെ സ്‌പോൺസർഷിപ്പ് ബിഡ്ഡിൽ ഏറ്റവും ഉയർന്ന തുകയായ 222 കോടി രൂപ രേഖപ്പെടുത്തിയാണ് ഡ്രീം ഇലവൻ ഈ സീസണിലെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയത്.