ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ, മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു. അതും 40,000 പേരില്‍. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഒരു വിദേശ ഗവേഷണ സമിതിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല. കോവിഡ് വാക്സിന് സ്പുട്നിക് അഞ്ച് എന്നാണ് റഷ്യ പേര് നല്‍കിയിരിക്കുന്നത്.
റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് സ്പുട്നിക് അഞ്ച് വികസിപ്പിച്ചിരിക്കുന്നത്.വാക്സിന് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ വാക്സിന് കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം പറയുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന് വാക്സിന്റെ പ്രഖ്യാപനം നടത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റയര്‍മാരിലായിരുന്നു പരീക്ഷണം. അതേസമയം പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിന് പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് നിരവധി രംഗത്തെത്തിയിരുന്നു.